ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വൻ വർധനവ്. ലിറ്ററിന് മൂന്ന് രൂപ വീതമാണ് വർധിപ്പിച്ചത്. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്ന സാഹചര്യത്തിലാണ് ആഭ്യന്തര വിപണിയിലും ഇന്ധനവില കൂട്ടാൻ കമ്പനികൾ തീരുമാനിച്ചത്. പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നതോടെ ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 97.77 രൂപയും ഡീസലിന് 90.67 രൂപയുമായി.
മറ്റു മെട്രോ നഗരങ്ങളിലും വില കുത്തനെ ഉയർന്നു. മുംബൈയിൽ പെട്രോൾ വില 103.67 രൂപയും ഡീസൽ 93.14 രൂപയിലുമെത്തി. കൊൽക്കത്തയിൽ പെട്രോളിന് 108.74 രൂപയും ഡീസലിന് 95.13 രൂപയുമാണ് പുതിയ നിരക്ക്. ചെന്നൈയിൽ ഡീസൽ വില ലിറ്ററിന് 95.25 രൂപയായി വർധിച്ചു.
കേരളത്തിലും ഇന്ധനവില വർധനവ് ജനജീവിതത്തെ സാരമായി ബാധിക്കും. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 110.76 രൂപയും ഡീസലിന് 99.64 രൂപയുമായി. കോഴിക്കോട് നഗരപരിധിയിൽ പെട്രോളിന് 109.07 രൂപയും ഡീസലിന് 97.96 രൂപയുമാണ് പുതിയ വില. ഗ്രാമീണ മേഖലകളിൽ പെട്രോളിന് 109.37 രൂപയും ഡീസലിന് 98.23 രൂപയുമായി ഉയർന്നു. ഇന്ധനവില വർധനവ് അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകുമെന്ന ആശങ്കയിലാണ് പൊതുജനം.
