കൊയിലാണ്ടി: പന്തലായനി പ്രദേശത്തെ ജനവാസകേന്ദ്രങ്ങളിലൂടെ കടന്നുപോകുന്ന പന്തലായനി (കുരിയാടി താഴ) തോട്ടിലെ വെള്ളം കറുത്തുതടിച്ച നിലയിൽ. കഴിഞ്ഞ രണ്ടാഴ്ചയായി അനുഭവപ്പെടുന്ന ഈ മാറ്റം പ്രദേശവാസികളെ വലിയ രീതിയിൽ ആശങ്കയിലാക്കിയിരിക്കുകയാണ്. തെളിനീർ ഒഴുകിയിരുന്ന തോട്ടിൽ ഇപ്പോൾ കടും കറുപ്പ് നിറത്തിനൊപ്പം രൂക്ഷമായ ദുർഗന്ധവുമുണ്ട്.
പന്തലായനി പാടശേഖരത്തിൽ കൃഷിയിറക്കാതെ തരിശായി കിടക്കുന്ന ഭൂമിയിലെ പുല്ലും പായലും ചീഞ്ഞഴുകിയതാകാം വെള്ളം മലിനമാകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. മഴവെള്ളവും കനാൽ വെള്ളവും വയലിൽ നിറഞ്ഞതോടെ സസ്യങ്ങൾ അഴുകി തോട്ടിലേക്ക് ഒഴുകുന്നു എന്നാണ് കരുതപ്പെടുന്നത്. തോടിന്റെ പല ഭാഗങ്ങളിലും നീരൊഴുക്ക് തടസ്സപ്പെട്ട നിലയിലാണ്. അടുത്തിടെ സമീപപ്രദേശങ്ങളിലെ മറ്റു തോടുകളിൽ കക്കൂസ് മാലിന്യം തള്ളിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും പന്തലായനിയിൽ അത്തരമൊരു സാധ്യത നിലവിൽ നാട്ടുകാർ കാണുന്നില്ല.
തോട്ടിലെ മലിനജലം സമീപത്തെ കിണറുകളിലേക്ക് ഊർന്നിറങ്ങുമോ എന്ന ഭീതിയിലാണ് കുടുംബങ്ങൾ. ജലത്തിന്റെ നിറവ്യത്യാസവും മലിനീകരണത്തിന്റെ ഉറവിടവും കണ്ടെത്താൻ ലാബ് പരിശോധന നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. തോടിന്റെ നീരൊഴുക്ക് സുഗമമാക്കാൻ തടസ്സങ്ങൾ നീക്കണമെന്നും, മത്സ്യസമ്പത്തിന് ഭീഷണിയായ ഈ സാഹചര്യം ഒഴിവാക്കാൻ അധികൃതർ ഉടൻ ഇടപെടണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു. പന്തലായനി, വിയ്യൂർ കക്കുളം പാടശേഖരങ്ങളിലെ ജലക്രമീകരണത്തിൽ നിർണ്ണായക പങ്കുവഹിക്കുന്ന ഈ തോട് ഒടുവിൽ നെല്യാടി അകലാപ്പുഴയിലാണ് ചെന്നുചേരുന്നത്.
