കേരളത്തിലെ പ്രതിപക്ഷ നേതൃസ്ഥാനം; പിണറായി വിജയനെതിരെ പൊളിറ്റ് ബ്യൂറോയിൽ എതിർപ്പുയർന്നു

news image
May 17, 2026, 9:08 am GMT+0000 payyolionline.in

പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കാനുള്ള തീരുമാനം പൊളിറ്റ് ബ്യൂറോയിലെ എതിർപ്പ് മറികടന്ന്. പൊളിറ്റ് ബ്യൂറോയിലെ അഞ്ച് അംഗങ്ങൾ തീരുമാനത്തെ എതിർത്തു. കഴിഞ്ഞ ആഴ്ച ചേർന്ന പൊളിറ്റ് ബ്യൂറോ യോഗത്തിൽ പ്രതിപക്ഷ നേതൃസ്ഥാനമടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നു. അത് ചർച്ച ചെയ്യാൻ തീരുമാനിച്ചിരുന്നതുമാണ്. ഈ യോഗത്തിൽ പിണറായി വിജയൻ തന്റെ നിലപാട് അറിയിച്ചിരുന്നില്ല. തുടർന്ന് പ്രതിപക്ഷ നേതൃസ്ഥാനം ചർച്ചയായില്ലെന്ന് ജനറൽ സെക്രട്ടറി എം എ ബേബി തന്നെ അറിയിക്കുകയും ചെയ്തു. പിന്നീട് സംസ്ഥാന സെക്രട്ടറിയേറ്റ് പിണറായി വിജയന്റെ പേര് മുന്നോട്ട് വെക്കുകയും അത് സംസ്ഥാന സമിതി യോഗത്തിൽ ചർച്ചയാവുകയും ചെയ്ത ഘട്ടത്തിലാണ് വീണ്ടും ഓൺലൈനിൽ പൊളിറ്റ് ബ്യൂറോ യോഗം ചേർന്ന് ഇക്കാര്യം ചർച്ച ചെയ്തത്. അപ്പോഴാണ് വിഷയത്തിൽ എതിർപ്പുകൾ ഉയർന്നത്.

പൊളിറ്റ് ബ്യൂറോയിലെ ചുരുങ്ങിയത് അഞ്ച് അംഗങ്ങളെങ്കിലും എതിർപ്പ് ഉന്നയിച്ചു എന്നുള്ളതാണ് വിവരം. എതിർത്തവരിൽ പാർട്ടി സെന്ററിലും ബംഗാളിൽ നിന്നുള്ള അംഗങ്ങളും ഉൾപ്പെടുന്നു. അതേസമയം, തിരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം ജില്ലാ നേതൃയോഗങ്ങളിൽ പിണറായി വിജയനും എം വി ഗോവിന്ദനും അതിരൂക്ഷവിമർശനം. പിണറായിയെ പ്രതിപക്ഷനേതാവാക്കിയത് നൂറ്റാണ്ടിലെ മണ്ടത്തരമെന്നും എം വി ഗോവിന്ദന്റെ ഓരോ പ്രതികരണത്തിലും ജനങ്ങൾ പാർട്ടിക്കെതിരെയാകുന്നെന്നും വിമർശനമുയർന്നു. ആഗോള അയ്യപ്പ സംഗമം അബദ്ധമായെന്ന് പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ അംഗങ്ങൾ കുറ്റപ്പെടുത്തി.

പിണറായിയെ പ്രതിപക്ഷ നേതാവാക്കിയത് നൂറ്റാണ്ടിന്റെ മണ്ടത്തരം എന്നാണ് കോഴിക്കോട് ജില്ലാ കമ്മിറ്റിയിൽ ഉയർന്ന വിമർശനം. ഇഷ്ടമുള്ളവരെ മത്സരിപ്പിക്കാൻ ഒരു നയം ഇഷ്ടമില്ലാത്തവരെ മാറ്റിനിർത്താൻ മറ്റൊരു നയം. ഇടതുപക്ഷത്തിന്റെ അവസാന മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പിണറായി വിജയൻ ആയാൽ അതിശയപ്പെടാനില്ലെന്ന് കൊല്ലം ജില്ലാ കമ്മിറ്റിയിൽ കുറ്റപ്പെടുത്തൽ. തോൽവിയുടെ ആഘാതം കൂട്ടിയതിൽ പ്രധാന ഉത്തരവാദിത്തം പിണറായിക്കെന്ന് പാലക്കാട് ജില്ലാ കമ്മിറ്റിയിൽ നേതാക്കൾ കുറ്റപ്പെടുത്തി. എ കെ ബാലനും വെള്ളാപ്പള്ളി നടേശനും ഒരേ ശബ്ദമെന്നും വിമർശനം. പി കെ ശ്യാമളയുടെ സ്ഥാനാർഥിത്വം ചൂണ്ടിക്കാട്ടി കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ എം വി ഗോവിന്ദനെതിരെ ഉയർന്നത് വലിയ കുറ്റപ്പെടുത്തൽ. തളിപ്പറമ്പിലെയും പയ്യന്നൂരിലെയും വിഷയങ്ങൾ മലബാറിലാകെ എതിർവികാരം ഉണ്ടാക്കി. ജില്ലാ സെക്രട്ടറി കെ കെ രാഗേഷിന്റെ വിശദീകരണങ്ങളിൽ വ്യക്തതയില്ലെന്നും ചിലത് പരിഹാസ്യമായി മാറിയെന്നും നേതാക്കൾ കുറ്റപ്പെടുത്തി. പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയ തീരുമാനം തിരുത്തണമെന്നും എം വി ഗോവിന്ദൻ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിനിൽക്കണമെന്നും ജില്ലാ നേതൃയോഗങ്ങളിൽ അഭിപ്രായങ്ങളുയർന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe