‘പിണറായി വിജയനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും മാറ്റണം’; ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം

news image
May 18, 2026, 3:30 pm GMT+0000 payyolionline.in

ആലപ്പുഴ: പിണറായി വിജയനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും മാറ്റണമെന്ന് സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റിൽ ആവശ്യം. പിണറായി വിജയന് മാത്രം എന്തിനാണ് ഇളവുകൾ എന്ന് സെക്രട്ടറിയേറ്റിൽ ചോദ്യമുയർന്നു. മുഖ്യമന്ത്രിയായപ്പോഴും പ്രതിപക്ഷ നേതാവാക്കിയപ്പോഴും ഇളവുകൾ നൽകിയെന്നാണ് വിമർശനം. പാർട്ടി സെക്രട്ടറി എം വി ഗോവിന്ദനെതിരെയും രൂക്ഷവിമർശനമുയർന്നു. എം വി ഗോവിന്ദന്റെ പങ്കാളി പി കെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ചായിരുന്നു വിമർശനം. പി കെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വം തിരിച്ചടിയായെന്നും വിമർശനങ്ങൾ ഉയർന്നിട്ടും എം വി ഗോവിന്ദൻ ശൈലി മാറ്റുന്നില്ലെന്നും ജില്ലാ സെക്രട്ടറിയേറ്റ് വിമർശിച്ചു. ടി എം തോമസ് ഐസകും സജി ചെറിയാനും പങ്കെടുത്ത സെക്രട്ടറിയേറ്റ് യോഗത്തിലാണ് വിമർശനമുയർന്നത്. നാളെയും മറ്റന്നാളും ജില്ലാ കമ്മിറ്റികൾ ചേരും.

ജി സുധാകരൻ പുറത്തുപോകുന്നതിന് മുൻപേ തന്നെ അദ്ദേഹത്തെ പുറത്താക്കേണ്ടതായിരുന്നു എന്നും ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റിൽ വിലയിരുത്തലുണ്ടായി. സുധാകരൻ പാർട്ടിക്ക് മുകളിൽ ബിംബമായി. അതുവരെ പാർട്ടി എന്തിനാണ് കാത്തിരുന്നത്. ജി സുധാകരനെ പ്രതിരോധിക്കുന്നതിൽ സിപിഐഎം പരാജയപ്പെട്ടു. അഞ്ചുവർഷക്കാലം സുധാകരൻ പാർട്ടിയെയും സർക്കാരിനെയും കുറ്റം പറഞ്ഞു. കൃത്യസമയത്ത് പാർട്ടി പ്രതിരോധിച്ചില്ലെന്നും ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനമുയർന്നു.

സിപിഐഎം സംസ്ഥാന കമ്മിറ്റി പിരിച്ചുവിടണമെന്ന് ജില്ലാ സെക്രട്ടറിയേറ്റിൽ കെ രാഘവൻ ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി സമ്പൂർണ്ണ പരാജയമാണെന്നും എം വി ഗോവിന്ദന്റെ നേതൃത്വത്തിൽ കമ്മിറ്റിക്ക് മുന്നോട്ടുപോകാനാവില്ലെന്നും രാഘവൻ പറഞ്ഞു. ജി സുധാകരനെ മത്സരിപ്പിക്കണമായിരുന്നു എന്നും സുധാകരന്റെ പേരിൽ അനാവശ്യ വിവാദമാണ് ഉണ്ടാക്കിയതെന്നും രാഘവൻ പറഞ്ഞു. അമ്പലപ്പുഴയിലോ കുട്ടനാട്ടിലോ അദ്ദേഹത്തിന് സീറ്റ് നൽകണമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. വെളളാപ്പളളി നടേശൻ വിഷയത്തിൽ ജാഗ്രത കാണിച്ചില്ലെന്നും ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനമുയർന്നു. വെളളാപ്പളളിയുടെ പ്രതികരണങ്ങളിൽ മുഖ്യമന്ത്രി മറുപടി നൽകിയില്ല. മുഖ്യമന്ത്രി മൗനം പാലിച്ചത് കൊണ്ട് മറ്റ് നേതാക്കൾക്കും വെളളാപ്പളളിയെ എതിർക്കാൻ കഴിഞ്ഞില്ല. വെളളാപ്പളളിയുടെ പ്രതികരണങ്ങൾ മൊത്തം ന്യൂനപക്ഷങ്ങൾക്കെതിരെയാണെന്ന പ്രതീതി സൃഷ്ടിച്ചെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe