രാജ്യത്ത് ഇന്ധന വിലയിൽ നേരിയ വർധന. പെട്രോൾ ലീറ്ററിന് 86 പൈസയും ഡീസൽ ലീറ്ററിന് 83 പൈസയും വർധിപ്പിച്ചു. കൊച്ചിയിൽ പെട്രോളിന് 109 രൂപ 73 പൈസയും ഡീസലിന് 98 രൂപ 53 പൈസയുമായി. ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ വില വർധനവാണിത്.
അതേസമയം, രാജ്യത്ത് ഇന്ധന ക്ഷാമം ഇല്ലെന്ന് ആവർത്തിച്ച് കേന്ദ്രം. അസംസ്കൃത എണ്ണ, പിഎൻജി, എൽപിജി എന്നിവ മതിയായ അളവിൽ ലഭ്യമെന്നാണ് കേന്ദ്രസർക്കാർ വാദം. ഹോർമുസ് കടലിടുക്കിലെ സ്ഥിതി സാധാരണ നിലയിലായിട്ടില്ലെന്നും അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണ, പ്രകൃതിവാതകം, എൽപിജി എന്നിവയുടെ വിലയിൽ കുത്തനെ വർധനയുണ്ടായെന്നും പെട്രോളിയം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശർമ്മ പറഞ്ഞു. രാജ്യത്ത് ആവശ്യത്തിന് അസംസ്കൃത എണ്ണ ശേഖരമുണ്ടെന്നും റിഫൈനറികൾ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുവെന്നും അവർ വ്യക്തമാക്കി.
അതിനിടെ, ഹോർമുസ് കടലിടുക്ക് കടന്ന ഒരു എൽപിജി ടാങ്കർ കൂടി ഉടൻ ഇന്ത്യയിൽ എത്തും. വിയറ്റ്നാം പതാകയേന്തിയ എൻവി സൺഷൈൻ എൽപിജി കപ്പൽ ഇന്ന് മംഗ്ലൂർ തീരത്ത് എത്തും എന്നാണ് റിപ്പോർട്ട്. 46,427 ടൺ എൽപിജിയാണ് കപ്പലിൽ ഉള്ളത്.
