എംഎൽഎമാരായി തിരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ നാളെ. രാവിലെ ഒമ്പത് മണിക്ക് പ്രോടെം സ്പീക്കർ സത്യവാചകം ചൊല്ലിക്കൊടുക്കും. പ്രോ ടെം സ്പീക്കറായി മന്ത്രിസഭ നിശ്ചയിച്ച ജി സുധാകരൻ ലോക്ഭവനിൽ എംഎൽഎ ആയി പ്രതിജ്ഞയെടുത്തു.
നാളെ രാവിലെ ഒമ്പത് മണിക്കാണ് 139 പേരുടെ സത്യപ്രതിജ്ഞ. സിപിഐഎമ്മുമായി ഇടഞ്ഞ് യുഡിഎഫ് പിന്തുണയോടെ അമ്പലപ്പുഴയിൽ നിന്നാണ് ജി സുധാകരൻ വിജയിച്ചത്. പിണറായി വിജയൻ ഉൾപ്പെടെയുള്ള സിപിഐഎം അംഗങ്ങൾക്ക് ജി സുധാകരൻ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നത് രാഷ്ട്രീയ കൗതുകമാകും.
മറ്റന്നാൾ രാവിലെയാണ് സ്പീക്കർ തിരഞ്ഞെടുപ്പ്. തിരുവഞ്ചൂർ രാധാകൃഷ്ണനാണ് കോൺഗ്രസിന്റെ സ്പീക്കർ സ്ഥാനാർഥി. ഈ മാസം 29നാണ് പുതിയ സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം.
