മോഡലിങ്ങിൻ്റെ മറവിൽ സെക്സ്റാക്കറ്റ്;മുഖ്യപ്രതി സിന്ധുവിൻ്റേതെന്ന് കരുതുന്ന വാട്‌സാപ്പ് സ്‌ക്രീൻ ഷോട്ട് പുറത്ത്

news image
May 21, 2026, 4:05 am GMT+0000 payyolionline.in

കൊച്ചി: മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റും മനുഷ്യക്കടത്തും നടത്തിയ സംഭവത്തിൽ മുഖ്യപ്രതി സിന്ധുവിന്റേതെന്ന് കരുതുന്ന വാട്‌സാപ്പ് സ്‌ക്രീൻ ഷോട്ട് പുറത്ത്. പെൺകുട്ടികളുടെ ചിത്രങ്ങൾ സിന്ധു ഇടപാടുകാർക്ക് അയച്ചു നൽകിയിരുന്നു. പിന്നാലെ തുക പറഞ്ഞാണ് ഡീൽ ഉറപ്പിച്ചിരുന്നത്. ഇതിന്റെ സ്‌ക്രീൻഷോട്ടുകളാണ് പുറത്തുവന്നത്.

അതേസമയം, സിന്ധുവിനെ ഇന്ന് വിശദമായി ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തിൽ വെച്ചാണ് സിന്ധുവിനെ കസ്റ്റഡിയിലെടുത്തത്. മുംബൈയിൽ നിന്നും ഡൽഹിയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് സിന്ധു പൊലിസീന്റെ പിടിയിലായത്. നടന്നത് ക്രൂരമായ, സംഘടിതമായ കുറ്റകൃത്യമാണെന്നും സമഗ്രമായ അന്വേഷണത്തിന് നിർദേശം നൽകിയിട്ടുണ്ടെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ്‌കുമാർ പറഞ്ഞിരുന്നു.

ഇരകളെ ഉപയോഗിച്ച് സ്വർണ്ണക്കടത്ത് നടന്നതായി ഇതുവരെ വിവരമില്ലെന്നും ഗുണ്ടാബന്ധത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സിന്ധുവിനെ ചോദ്യംചെയ്യുന്നത് വഴി കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും താരങ്ങൾക്ക് ബന്ധമുണ്ടോ എന്ന് പരിശോധിക്കുമെന്നും കാളിരാജ് മഹേഷ്‌കുമാർ പറഞ്ഞു. മോഡലിങ്ങിന്റെ മറവിൽ മലയാളി പെൺകുട്ടികളെ വിദേശ സെക്സ് റാക്കറ്റിന് കൈമാറി ക്രൂര പീഡനത്തിന് ഇരകളാക്കിയ കേസിൽ മുഖ്യപ്രതിയാണ് സിന്ധു.

മോഡലിങ് കെണി ആസൂത്രണം ചെയ്തത് സിന്ധുവാണ് എന്നാണ് പൊലീസ് പറയുന്നത്. ദുബായിൽ ഫാഷൻ ഷോ ഉണ്ടെന്ന് മോഡലുകളെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചത് സിന്ധുവാണെന്നും യുവതികളെ ദുബായിൽ എത്തിക്കാൻ വേണ്ട സൗകര്യങ്ങൾ ചെയ്തതും വിസയടക്കം നൽകിയതും സിന്ധുവാണെന്ന് പൊലീസ് കണ്ടെത്തി. മോഡലിങ് പരിശീലനം, ജോലി, ദുബായ് വീഡിയോ ഷൂട്ട്, ആഢംബര ഹോട്ടലിലെ താമസം, വിനോദയാത്ര തുടങ്ങിയ വാഗ്ദാനങ്ങൾ ചെയ്താണ് സിന്ധു യുവതികളെ പ്രലോഭിപ്പിച്ചത്. കേസിൽ നിലവിൽ മൂന്നുപേരാണ് പിടിയിലായത്. ദുബായിൽ ഇവന്റ് മാനേജ്മെന്റ് നടത്തുന്ന സിന്ധു, തിരുവനന്തപുരം സ്വദേശി അലീന എബ്രഹാം, പൊന്നാനി സ്വദേശി മഞ്ജിമ എന്നിവരാണ് ഇതുവരെ പൊലീസ് പിടിയിലായത്.

നേരിട്ട കൊടുംപീഡനം വെളിപ്പെടുത്തി ഒരു യുവതി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മദ്യത്തിൽ മയക്കുമരുന്ന് കലർത്തി നൽകി തന്നെ ദിവസങ്ങളോളം പീഡിപ്പിച്ചെന്നും പീഡന ദൃശ്യങ്ങൾ ബന്ധുക്കൾക്ക് അയച്ചുനൽകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. ‘കുഞ്ഞിനെ കൊലപ്പെടുത്തുമെന്നും ലഹരിക്കേസിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി. സിഐടി ആണെന്ന് പറഞ്ഞ് മഹറൂഫ് എന്നയാളാണ് ഭീഷണിപ്പെടുത്തിയത്. എന്നെ ദുബായിലേക്ക് കൊണ്ടുപോയത് സിന്ധു എന്ന സ്ത്രീയാണ്. ഒരു ഷോയ്ക്ക് അമ്പതിനായിരം രൂപ എന്ന വാഗ്ദാനത്തോടെയാണ് ദുബായിൽ എത്തിച്ചത്. നിരവധി യുവതികൾ ദുബായിൽ കുടുങ്ങിക്കിടക്കുന്നുണ്ട്’ എന്നായിരുന്നു യുവതിയുടെ വെളിപ്പെടുത്തൽ.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe