തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാന്മാർ മർദ്ദിച്ച സംഭവത്തിൽ റിപ്പോർട്ട് പൂഴ്ത്തിയെന്ന് എസ്ഐടിയുടെ കണ്ടെത്തൽ. ഗൺമാന്മാർക്കെതിരായ റിപ്പോർട്ടാണ് മുൻ എൽഡിഎഫ് സർക്കാർ പൂഴ്ത്തിയത്. മുൻ എസ്പി ചൈത്ര തെരേസ ജോണിന്റെ റിപ്പോർട്ട് ആഭ്യന്തരവകുപ്പ് പൂഴ്ത്തിയെന്നാണ് കണ്ടെത്തൽ. ഗൺമാന്മാരുടെത് ക്രിമിനൽ നടപടിയാണെന്നും പ്രവൃത്തി അവമതിപ്പുണ്ടാക്കിയെന്നുമായിരുന്നു മുൻ എസ്പിയുടെ റിപ്പോർട്ട്. റിപ്പോർട്ടിന് പിന്നാലെ മുൻ എസ്പിയെ സ്ഥലം മാറ്റിയെന്ന് മർദ്ദനമേറ്റ യൂത്ത് കോൺഗ്രസ് നേതാവ് അജയ് ജൂവൽ കുര്യാക്കോസ് പറഞ്ഞു.
അതേസമയം ഗൺമാന്മാരുടെ മർദ്ദനത്തിൽ അന്വേഷണം എസ്ഐടി വേഗത്തിലാക്കിയിരിക്കുകയാണ്. ഇന്ന് സാക്ഷികളുടെയും നാളെ പരാതിക്കാരുടെയും മൊഴി രേഖപ്പെടുത്തും. ഒരാഴ്ചയ്ക്കുള്ളിൽ മർദ്ദന ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണിന്റെ ഫോറൻസിക് പരിശോധന ഫലം ലഭിക്കുമെന്നും ഗൺമാൻമാരെ ആലപ്പുഴയിലേക്ക് വിളിച്ചു വരുത്തി ചോദ്യംചെയ്യുമെന്നും എസ്ഐടി അറിയിച്ചു. അന്വേഷണത്തിൽ എസ്പിയുടെ റിപ്പോർട്ടിലെ ഉള്ളടക്കവും പരിഗണിക്കാൻ എസ്ഐടി നീക്കം തുടങ്ങി.
സംഭവത്തിൽ പുനരന്വേഷണത്തിനായി കഴിഞ്ഞ ദിവസമാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സംസ്ഥാന പൊലീസ് മേധാവി നിർദ്ദേശം നൽകിയത്. യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തിലാണ് പുനരന്വേഷണത്തിന് തീരുമാനമായത്. നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ചത് കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
2023 ഡിസംബറിലുണ്ടായ സംഭവത്തെ രക്ഷാപ്രവർത്തനമെന്നാണ് പിണറായി വിജയൻ വിശേഷിപ്പിച്ചത്. പിന്നീട് കോടതിയുടെ നിർദേശപ്രകാരം അന്വേഷണം തുടങ്ങിയെങ്കിലും കൃത്യനിർവഹണം മാത്രമാണുണ്ടായതെന്ന വിചിത്ര റിപ്പോർട്ടാണ് പൊലീസ് സമർപ്പിച്ചത്. എന്നാൽ, മാധ്യമങ്ങളിലടക്കം വന്ന ദൃശ്യങ്ങൾ കണ്ട കോടതി, ഗൺമാൻ അനിൽ കുമാറിനും സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ് എസിനുമെതിരെ പുനരന്വേഷണത്തിന് നിർദേശിച്ചു. പക്ഷേ, ഒന്നര വർഷം കഴിഞ്ഞിട്ടും എൽഡിഎഫ് സർക്കാർ അതിന് തയ്യാറായില്ല. ഇതോടെയാണ് യുഡിഎഫ് സർക്കാർ അധികാരത്തിലേറിയ ആദ്യ ദിവസം നടന്ന മന്ത്രിസഭാ യോഗത്തിൽത്തന്നെ എസ്ഐടി രൂപീകരിച്ച് പുനരന്വേഷണം നടത്താൻ തീരുമാനിച്ചത്.
ആലപ്പുഴ ക്രൈം ബ്രാഞ്ച് എസ്പി ഷൗക്കത്തലി മേൽനോട്ടം വഹിക്കുന്ന സംഘത്തിലെ അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസാണ്. ഏഴംഗ സംഘം ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കണം. ഇതിനിടയിൽ 15 ദിവസമാകുമ്പോൾ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി നിർദേശിച്ചു. കേരളത്തിലെ യുവജനങ്ങളുടെ ആത്മാഭിമാനം ഉയർത്തിയ നടപടിയെന്നാണ് മർദ്ദനത്തിനിരയായ നിയുക്ത ആലപ്പുഴ എംഎൽഎ എ ഡി തോമസ് പ്രതികരിച്ചത്.
