കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര: മുഴുവൻ ബസുകളിലുമെങ്കിൽ പ്രതിമാസ നഷ്ടം 112 കോടി; റിപ്പോർട്ട് സമർപ്പിച്ചു

news image
May 22, 2026, 7:21 am GMT+0000 payyolionline.in

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്രാപദ്ധതി നടപ്പാക്കിയാലുണ്ടാകുന്ന സാമ്പത്തിക ബാധ്യത സംബന്ധിച്ച കൃത്യമായ കണക്കുകൾ അടങ്ങിയ റിപ്പോർട്ട് കെഎസ്ആർടിസി ഗതാഗത സെക്രട്ടറിക്ക് കൈമാറി. കെഎസ്ആർടിസിയുടെ സർവീസ് നടത്തുന്ന മുഴുവൻ ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുകയാണെങ്കിൽ പ്രതിമാസം 112 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. കഴിഞ്ഞ മൂന്ന് മാസത്തെ യാത്രക്കാരുടെ വിവരങ്ങളും വരുമാനവും വിശകലനം ചെയ്താണ് കെഎസ്ആർടിസി ഈ കണക്കുകൾ തയ്യാറാക്കിയത്.

​വിവിധ കാറ്റഗറിയിലുള്ള ബസുകളിലെ നഷ്ടം വേർതിരിച്ചാണ് റിപ്പോർട്ടിൽ നൽകിയിരിക്കുന്നത്. ഓർഡിനറി ബസുകളിൽ മാത്രം സൗജന്യമെങ്കിൽ പ്രതിമാസം 57 കോടി രൂപയുടെ നഷ്ടമാകും ഉണ്ടാകുക. സിറ്റി ഫാസ്റ്റ്, ഓർഡിനറി ബസുകളിൽ നടപ്പാക്കിയാൽ ഇത് 65 കോടിയായും, ഓർഡിനറിക്ക് പുറമെ ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകളിൽ കൂടി പദ്ധതി കൊണ്ടുവന്നാൽ നഷ്ടം 90 കോടിയായും ഉയരും. സംസ്ഥാനത്ത് പ്രതിദിനം ശരാശരി പന്ത്രണ്ട് ലക്ഷത്തോളം സ്ത്രീ യാത്രക്കാരാണ് കെഎസ്ആർടിസിയെ ആശ്രയിക്കുന്നത് എന്നാണ് ഏകദേശ കണക്ക്. പ്രതിദിന സ്ത്രീ യാത്രക്കാരുടെ കൃത്യമായ എണ്ണം തിട്ടപ്പെടുത്തുന്നതിനായി കെഎസ്ആർടിസി നേരത്തെ തന്നെ ‘ജെൻഡർ ടിക്കറ്റിങ്’ സംവിധാനം ആരംഭിച്ചിരുന്നു.

​വരുന്ന ജൂൺ 15 മുതൽ സംസ്ഥാനത്ത് സ്ത്രീകൾക്ക് സൗജന്യ യാത്രാ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഗതാഗതമന്ത്രി സി.പി. ജോൺ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. നിലവിൽ പദ്ധതി നടപ്പാക്കിയിട്ടുള്ള കർണാടകയിൽ എസി, സ്ലീപ്പർ ബസുകളിൽ സൗജന്യമില്ല. തമിഴ്‌നാട്ടിലാകട്ടെ ഓർഡിനറി ബസുകളിൽ മാത്രമാണ് ഈ ആനുകൂല്യമുള്ളത്. കേരളത്തിൽ ഏതൊക്കെ ബസുകളിലാണ് ആനുകൂല്യം നൽകേണ്ടത്, എത്ര ദൂരം വരെ സൗജന്യ യാത്ര അനുവദിക്കണം, ജില്ലകൾക്ക് പുറത്തേക്ക് യാത്ര ചെയ്യാൻ അനുമതി നൽകണമോ, എല്ലാ പ്രായക്കാർക്കും ആനുകൂല്യം വേണമോ തുടങ്ങിയ കാര്യങ്ങളിൽ യോഗത്തിന് ശേഷമേ അന്തിമ തീരുമാനമുണ്ടാകൂ. നിലവിലെ സൂചനകൾ പ്രകാരം ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ബസുകളിലായിരിക്കും പ്രധാനമായും ആനുകൂല്യം ലഭിക്കുക. ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ നിശ്ചിത ദൂരപരിധി നിശ്ചയിച്ച് സൗജന്യ യാത്ര നൽകാനും ആലോചനയുണ്ട്. പ്രത്യേക സ്മാർട്ട് കാർഡുകളോ പ്രായപരിധിയോ ഇല്ലാതെ എല്ലാ സ്ത്രീകൾക്കും യാത്ര പൂർണ്ണമായും സൗജന്യമാക്കാനാണ് സർക്കാർ പ്രാഥമികമായി ലക്ഷ്യമിടുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe