മഹല്ല് സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത: കോഴിക്കോട് മുഖ്യ ഖാസി ജമലുല്ലൈലി തങ്ങൾ

news image
May 27, 2026, 4:02 pm GMT+0000 payyolionline.in

പയ്യോളി: മഹല്ല് സംവിധാനങ്ങളിലെ പ്രവർത്തനങ്ങൾ മഹല്ല് നിവാസികൾക്ക് പൂർണ്ണമായും ഗുണകരമാകും വിധത്തിൽ പുനഃക്രമീകരിക്കേണ്ടതും കാലഘട്ടത്തിനനുസരിച്ച് ഉണർന്നു പ്രവർത്തിക്കേണ്ടതും അനിവാര്യമാണെന്ന് കോഴിക്കോട് മുഖ്യ ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ പ്രസ്താവിച്ചു. ഇരിങ്ങൽ കോട്ടക്കൽ മഹല്ലിന്റെ ഖാസിയായി ചുമതലയേറ്റ ശേഷം വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിനോടനുബന്ധിച്ച് കോട്ടക്കൽ മുസ്ലിം ജമാഅത്തിന്റെ പുതിയ ഓഫീസിന്റെ ഉദ്ഘാടനവും തങ്ങൾ നിർവ്വഹിച്ചു.

മഹല്ലിലെ മുഴുവൻ വിശ്വാസികളുടെയും വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ പുരോഗതിക്കായി പ്രവർത്തിക്കാൻ മഹല്ല് കമ്മിറ്റികൾക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്ന് തങ്ങൾ ചൂണ്ടിക്കാട്ടി. സമൂഹത്തിൽ ഐക്യവും സ്നേഹവും ഊട്ടിയുറപ്പിക്കുന്നതിനൊപ്പം പൊതുസമൂഹത്തിന് ഉപദ്രവകരമാകുന്ന തിന്മകളെ ഇല്ലാതാക്കാനും മഹല്ലുകൾ മുൻകൈ എടുക്കണമെന്നും, അത് പൂർണ്ണമായും നിറവേറ്റാൻ ബന്ധപ്പെട്ടവർ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മഹല്ല് പ്രസിഡന്റ് സി.പി. സദക്കത്തുള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി അഡ്വ. അജ്മൽ ഷറഫ് സ്വാഗതം പറഞ്ഞു. പി. ഹാഷിം, വി.ടി. സലീം, ബി.എം. ശംസുദ്ധീൻ, ഹിഷാം മാസ്റ്റർ, ഫസൽ ടി.എം., ജലാൽ ബിസ്മില്ല, ഹനീഫ ടി.കെ., ഫൈസൽ പാലേരി, ജാഫർ പാലോളി, ഹനീഫ എൻ.പി., അബ്ദുറഹ്മാൻ മൗലവി, ഉതിരുമ്മൽ അബ്ദുറഹ്മാൻ എന്നിവരും വിവിധ പള്ളി-മദ്രസ ഭാരവാഹികളും സംബന്ധിച്ചു. സി.എം. അബൂബക്കർ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe