‘മെഡിക്കൽ കോളേജുകളിൽ നിലത്തു കിടത്തുന്ന ഏർപ്പാട് അവസാനിക്കണം, ഇത് അനാരോഗ്യ വകുപ്പ് ആക്കരുത്’: കെ മുരളീധരൻ

news image
May 30, 2026, 9:19 am GMT+0000 payyolionline.in

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങളിൽ മാറ്റം വരണമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. മെഡിക്കൽ കോളേജുകളിൽ നിലത്ത് കിടക്കുന്ന ഏർപ്പാട് അവസാനിക്കണമെന്നും ആരോഗ്യവകുപ്പ് അനാരോഗ്യവകുപ്പ് ആവരുതെന്നും കെ മുരളീധരൻ പറഞ്ഞു. വക്കം പുരുഷോത്തമൻ ആരോഗ്യമന്ത്രി ആയപ്പോൾ പല മാറ്റങ്ങളും വന്നിരുന്നു. പിന്നീട് പഴയ പോലെയായി. സിസ്റ്റത്തെ മുഴുവൻ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും സിസ്റ്റത്തോട് ചേർന്ന് നിൽക്കുന്ന എല്ലാവരെയും സംരക്ഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

‘സിസ്റ്റത്തെ മൊത്തം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പിന്നെന്തിനാ ഞാൻ ഇവിടെ ഇരിക്കുന്നത്. അത് നന്നാക്കാനാണ് തലപ്പത്ത് ഞങ്ങളുളളത്. സിസ്റ്റം മോശമാണെങ്കിൽ ഉദ്യോഗസ്ഥരുടെ ആവശ്യമെന്താണ്? കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ആശുപത്രിയുടെ ചടങ്ങിൽ പങ്കെടുത്തു. അവിടെ ചെന്നപ്പോൾ ഇത് ആശുപത്രി ആണോ ഫൈവ് സ്റ്റാർ ഹോട്ടലാണോ എന്ന് തോന്നിപ്പോയി. എന്നാൽ സർക്കാർ ആശുപത്രിയുടെ രണ്ട് കിലോമീറ്റർ അപ്പുറം എത്തുമ്പോൾ തന്നെ ആശുപത്രി എത്തി എന്നറിയാം. ആരോഗ്യമേഖലയിൽ സിസ്റ്റത്തിനൊപ്പം നിൽക്കുന്നവരെ ഞാൻ സംരക്ഷിക്കും. ഇതിനെ ഒരു അനാരോഗ്യ മേഖലയാക്കരുത്’- കെ മുരളീധരൻ പറഞ്ഞു.

‘തറയിൽ രോഗികളെ കിടത്താൻ പാടില്ല എന്ന് ഞാൻ പറഞ്ഞപ്പോൾ ചിലർ വിമർശിച്ചു. സ്വകാര്യ ആശുപത്രിയിലേക്ക് ആളുകളെ വിടാൻ വേണ്ടിയാണോ എന്ന് കുരുപൊട്ടിയ ചിലർ ചോദിച്ചു. ആരോഗ്യവകുപ്പ് ജനങ്ങളുമായി ഏറ്റവും ചേർന്ന് നിൽക്കുന്ന വകുപ്പാണ്. ഡോക്ടറുടെ ഭാഗത്തുനിന്നുളള സമീപനം രോഗിക്ക് ആശ്വാസം നൽകും’- കെ മുരളീധരൻ കൂട്ടിച്ചേർത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe