തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് കാണാതായി എന്ന് പൊലീസ് പറയുന്ന ആഭരണങ്ങൾ സുരക്ഷിതമാണെന്ന് ക്ഷേത്രം ഭരണസമിതി. ആഭരണങ്ങൾ ലോക്കറിൽ ഉണ്ടെന്നും താക്കോലുകൾ നമ്പിമാരുടെ കൈകളിൽ സുരക്ഷിതമാണെന്നും ഭരണസമിതി വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. ജില്ലാ ജഡ്ജി അധ്യക്ഷനായ ഭരണസമിതിക്ക് അഡ്മിനിസിട്രേറ്റീവ് ഓഫീസർ റിപ്പോർട്ട് നൽകി. ‘വൈര നാമ’ ഉൾപ്പെടെയുളള ആഭരണങ്ങൾ ക്ഷേത്രത്തിലെ ലോക്കറിലുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ആഭരണങ്ങൾ കാണാനില്ലെന്ന് റിപ്പോർട്ട് തയ്യാറാക്കിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ഭരണസമിതി ആവശ്യപ്പെട്ടു.
സംസ്ഥാന പൊലീസ് മേധാവിക്കുവേണ്ടി പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലെ എഡിജിപി സംസ്ഥാന അഡീഷണൽ ചീഫ് സെക്രട്ടറിക്ക് സമർപ്പിച്ച റിപ്പോർട്ടിലെ കണ്ടെത്തലുകൽ പൂർണമായും തെറ്റാണെന്ന് ഭരണസമിതി വ്യക്തമാക്കി. ഡിജിപിയുടെ റിപ്പോർട്ടിൽ നഷ്ടപ്പെട്ടു എന്ന് പറയുന്ന വൈര നാമവും വിളക്കും ഉൾപ്പെടെ ശ്രീകോവിലിനുളളിൽ ഭദ്രമായിരിപ്പുണ്ടെന്നും ഭക്തർ സമർപ്പിച്ച സ്വർണനാണയങ്ങളുടെയും കട്ടകളുടെയും കൃത്യമായ കണക്കുകൾ ക്ഷേത്രത്തിലുണ്ടെന്നും ഭരണസമിതി യോഗത്തിന് ശേഷം ഭാരവാഹികൾ അറിയിച്ചു.
ചെമ്പകത്തിൻമൂട് നട വഴിയുളള പ്രവേശനം ക്ഷേത്ര സ്ഥാനിക്കും രാജകുടുംബാംഗങ്ങൾക്കും മാത്രമായി പരിമിതപ്പെടുത്തിയിട്ടുളളതാണെന്നും ഭരണസമിതി വ്യക്തമാക്കി. ‘മറ്റാർക്കും ഈ വഴി പ്രവേശനമില്ല. ഭക്തരും ജീവനക്കാരും അതിഥികളും അടക്കമുളള എല്ലാവരും പൊലീസ് സുരക്ഷാ പരിശോധനകൾക്ക് വിധേയമായി മാത്രമാണ് ക്ഷേത്രത്തിനകത്ത് പ്രവേശിക്കുന്നതും പുറത്തുപോകുന്നതും. ചില വ്യക്തികൾ സുരക്ഷാ പരിശോധനയില്ലാതെ ക്ഷേത്രത്തിൽ വന്നുപോകുന്നു എന്ന പൊലീസിന്റെ വാദം അടിസ്ഥാനരഹിതമാണ്’ എന്നാണ് ഭരണസമിതി വാർത്താക്കുറിപ്പിൽ പറയുന്നത്.
