തിക്കോടി: വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നതിനൊപ്പം മഹല്ലിന്റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് വേറിട്ട പ്രവർത്തനങ്ങളുമായി മീത്തലെ പള്ളി വിദ്യാഭ്യാസ സഹായ സമിതി. കഴിഞ്ഞ നാല് വർഷമായി സമിതി നടത്തിവരുന്ന മികച്ച പ്രവർത്തനങ്ങൾ മറ്റ് മഹല്ലുകൾക്കും മാതൃകയാവുകയാണ്. വിദ്യാഭ്യാസ രംഗത്തെ അടിസ്ഥാനപരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് മഹല്ലിൽ സമഗ്രമായ വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തിക സർവ്വേ നടത്താൻ സമിതി തീരുമാനിച്ചു. സ്ത്രീകളടക്കം 15 പേർ പങ്കാളികളാകുന്ന സർവ്വേ പ്രവർത്തനങ്ങൾ ഒരു മാസം കൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

സമിതിയുടെ നേതൃത്വത്തിൽ ഈ വർഷം നൂറ്റമ്പതോളം വിദ്യാർത്ഥികൾക്കാണ് നോട്ട് ബുക്കുകൾ ഉൾപ്പെടെയുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തത്. ഇതോടൊപ്പം എസ്.എസ്.എൽ.സി. പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരെയും മദ്രസ പത്താം ക്ലാസ് പൊതുപരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെയും ചടങ്ങിൽ അനുമോദിച്ചു. മഹല്ലിലെ വീടുകളിൽ നിസ്കാരക്കുപ്പായവും മുസ്ഹഫും എത്തിക്കുന്ന പദ്ധതിയും ഇതിനൊപ്പം നടപ്പിലാക്കുന്നുണ്ട്.
പയ്യോളി ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പഠനോപകരണ വിതരണവും അനുമോദന ചടങ്ങും പയ്യോളി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.എം. ഹൈറുന്നിസ ഉദ്ഘാടനം ചെയ്തു. സമിതി ചെയർമാൻ ടി.പി. ഷാഹുൽ ഹമീദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രമുഖ സാഹിത്യകാരൻ ബഷീർ തിക്കോടി അനുഗ്രഹ പ്രഭാഷണം നടത്തി. ടി. ഖാലിദ് പദ്ധതി വിശദീകരണം നടത്തി.

ചടങ്ങിൽ കെ. ഖാദർ ഹാജി, വാർഡ് മെമ്പർ ശോഭ കിഴക്കൻകുളങ്ങര, അഡ്വ. കെ. നൂറുദ്ദീൻ മുസ്‌ലിയാർ, അഡ്വ. പി.പി. ഹാഷിഖ്, ബിനു കാരോളി, എം.സി. റസാക്ക്, പി.എം. ബാബു ഹാജി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എം.സി. ബഷീർ സ്വാഗതവും ടി.പി. സുബൈർ നന്ദിയും രേഖപ്പെടുത്തി.
