പയ്യോളി: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും പയ്യോളി നഗരസഭയുടെയും സംയുക്താഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചരണം വിപുലമായി സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി നഗരസഭാ പരിധിയിലെ മുഴുവൻ സ്കൂളുകളിലേക്കുമുള്ള ഫലവൃക്ഷത്തൈകളുടെ വിതരണോദ്ഘാടനം കോട്ടയ്ക്കൽ കുഞ്ഞാലിമരക്കാർ ഹൈസ്കൂളിൽ നടന്നു. സ്കൂളിൽ ഫലവൃക്ഷത്തൈ നട്ടുകൊണ്ട് പയ്യോളി നഗരസഭ ചെയർപേഴ്സൺ സാഹിറ എൻ. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.
നഗരസഭ വൈസ് ചെയർമാൻ മുജേഷ് ശാസ്ത്രി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ഷിബിന പി. പദ്ധതി വിശദീകരണം നടത്തി. ഹരിതവൽക്കരണവും പ്രകൃതി സംരക്ഷണവും ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ നഗരസഭയിലെ മുഴുവൻ വിദ്യാർത്ഥികളിലേക്കും പരിസ്ഥിതി സന്ദേശം എത്തിക്കുകയാണ് ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി.
ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. ബാലകൃഷ്ണൻ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. കുഞ്ഞാമു, സ്കൂൾ പി.ടി.എ. പ്രഡിഡന്റ് എം.വി. സമീറ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ അഖിലേഷ് ചന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു. ഹൈസ്കൂൾ ഹെഡ്മാസ്റ്റർ സിറാജുദ്ധീൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ കൃഷി അസിസ്റ്റന്റ് ശ്രീലാൽ എൻ.കെ. നന്ദി രേഖപ്പെടുത്തി.
