കോഴിക്കോട്: ജില്ലയിലെ ബാലുശ്ശേരി കോട്ട വേട്ടയ്‌ക്കൊരു മകൻ ക്ഷേത്രത്തിലെ സ്വർണ ഉരുപ്പടികൾ കാണാതായ സംഭവത്തിൽ മുൻ എക്‌സിക്യുട്ടീവ് ഓഫീസർ ടിടി വിനോദൻ അറസ്റ്റിൽ. സംഭവത്തിൽ നിയമനടപടി വൈകുന്നതിനെതിരേ പ്രതിഷേധം വ്യാപകമായ സാഹചര്യത്തിന് പിന്നാലെയാണ് ബാലുശ്ശേരി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. മലബാർ ദേവസ്വം ബോർഡിൻറെ കീഴിലുള്ള ഈ ക്ഷേത്രത്തിൽ എട്ട് മാസം മുൻപ് നടത്തിയ ഓഡിറ്റിങ്ങിലാണ് 20 പവനിലേറെ തൂക്കം വരുന്ന സ്വർണ ഉരുപ്പടികൾ കാണാനില്ലെന്ന് വ്യക്തമായത്. സംഭവത്തിൽ മുൻ എക്‌സിക്യുട്ടീവ് ഓഫീസറായിരുന്ന ടിടി വിനോദൻറെ പേരിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.
എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും വിനോദനെ കണ്ടെത്താനോ സ്വർണ ഉരുപ്പടികൾ തിരിച്ചെടുക്കാനോ കഴിയാത്തതിൽ ജനങ്ങൾക്കിടയിൽ പ്രതിഷേധം ശക്തമായി. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ തീരുമാനിച്ചെങ്കിലും തിരഞ്ഞെടുപ്പു പ്രഖ്യാപനം വന്നതോടെ സമരങ്ങൾ മാറ്റിവെക്കുകയാണുണ്ടായത്. ബാലുശ്ശേരി കോട്ട ക്ഷേത്രം കൂടാതെ മറ്റു മൂന്ന് ക്ഷേത്രങ്ങളിൽ നിന്നും ഇത്തരത്തിൽ സ്വർണ ഉരുപ്പടികൾ നഷ്ടമായിരുന്നു. നഷ്ടപ്പെട്ട സ്വർണ ഉരുപ്പടികൾ തിരിച്ചേൽപ്പിച്ച് കേസ് ഒത്തുതീർപ്പാക്കാനുള്ള ശ്രമം നടക്കുന്നതായും ഇതിനിടയിൽ വാർത്ത വന്നിരുന്നു. ശബരിമല സ്വർണക്കടത്തിന് പിന്നാലെ ഏറെ വിവാദമായ ബാലുശ്ശേരി ക്ഷേത്രത്തിലെ സംഭവത്തിൽ ഒടുവിൽ എട്ട് മാസങ്ങൾക്ക് ശേഷം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുകയാണ്.
