തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ ജീവനക്കാർക്കായി സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി.യുടെ ‘പ്രിയദർശിനി’ പദ്ധതിയിലൂടെ ഇരുനൂറിലധികം വനിതാ ജീവനക്കാർക്ക് കോഴിക്കോടിന്റെ വിവിധ മേഖലകളിലേക്ക് ഇനി സൗജന്യമായി യാത്ര ചെയ്യാം. ഇതിനുപുറമേ, വനിതാ ജീവനക്കാർക്ക് കൂടുതൽ പ്രയോജനകരമാകുംവിധം വള്ളിക്കുന്ന് മണ്ഡലം കേന്ദ്രീകരിച്ച് പുതിയ സർവീസ് ആരംഭിക്കാനും നീക്കങ്ങൾ സജീവമായിട്ടുണ്ട്.
കോഴിക്കോട് തിരുവമ്പാടിയിൽനിന്ന് രാവിലെ 7.45-ന് പുറപ്പെടുന്ന ബസ് ഒൻപതരയോടെ സർവകലാശാലാ കാമ്പസിലെത്തും. വരുമാനസാധ്യതയുള്ള ദിവസങ്ങളിൽ വൈകീട്ട് മൂന്നുമണിക്ക് തിരുവമ്പാടിയിലേക്ക് തിരിച്ച് സർവീസ് നടത്തുമെങ്കിലും, അല്ലാത്ത ദിവസങ്ങളിൽ വൈകീട്ട് 5.15-ന് മടങ്ങുന്നത് വരെ ബസ് കാമ്പസിൽ തന്നെ നിർത്തിയിടുകയാണ് പതിവ്.
കെ.എസ്.ആർ.ടി.സി.യിൽ വനിതകൾക്ക് സൗജന്യയാത്ര അനുവദിച്ചിട്ടുണ്ടെങ്കിലും വള്ളിക്കുന്ന് മണ്ഡലത്തിലെ പ്രാദേശിക റൂട്ടുകളിൽ നിലവിൽ ബസ് സർവീസുകൾ ലഭ്യമല്ല. ഈ സാഹചര്യത്തിലാണ് പരപ്പനങ്ങാടി വഴിയോ പറമ്പിൽപ്പീടിക വഴിയോ പുതിയ റൂട്ടിൽ സർവീസ് തുടങ്ങി സാധാരണക്കാരായ ജനങ്ങൾക്കും വനിതാ ജീവനക്കാർക്കും ഒരുപോലെ ഉപകാരപ്പെടുംവിധം പദ്ധതി വ്യാപിപ്പിക്കാൻ ശ്രമം നടക്കുന്നത്.
