പൊയിൽക്കാവിൽ മധ്യവയസ്‌ക വീടിനുള്ളിൽ വെട്ടേറ്റ് കൊല്ലപ്പെട്ട സംഭവം: ഒളിവിൽ പോയ ഭർത്താവ് കുട്ടിക്കൃഷ്ണനായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി

news image
Jun 20, 2026, 7:09 am GMT+0000 payyolionline.in

പൊയിൽക്കാവ്: പൊയിൽക്കാവ് ബീച്ചിന് സമീപം നാലുസെന്റ് കോളനിയിൽ സുധയെ വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ, ഒളിവിൽ പോയ ഭർത്താവിനായി പോലീസ് തിരച്ചിൽ ശക്തമാക്കി. മരംമുറി തൊഴിലാളിയായ കുട്ടിക്കൃഷ്ണനെയാണ് പോലീസ് തിരയുന്നത്. കൊലപാതകത്തിന് ശേഷം ഇയാൾ പ്രദേശത്തു നിന്നും മുങ്ങുകയായിരുന്നു.

പ്രതി പോകാൻ സാധ്യതയുള്ള കള്ളുഷാപ്പുകൾ, റെയിൽവേ സ്റ്റേഷനുകൾ, ഇയാളുടെ മുൻകാല ജോലിസ്ഥലങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് പോലീസും നാട്ടുകാരും അന്വേഷണം നടത്തുന്നത്. കുട്ടിക്കൃഷ്ണനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും പെട്ടെന്ന് പോലീസിനെ അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

സംഭവസ്ഥലത്ത് എത്തിച്ച പോലീസ് നായ കൊലപാതകം നടന്ന വീട്ടിൽ നിന്നും മണം പിടിച്ച് ഏകദേശം 500 മീറ്റർ അകലെയുള്ള വഴി വരെ ഓടി നിന്നു. പ്രതി ഇവിടെ നിന്നും ഏതെങ്കിലും വാഹനത്തിൽ രക്ഷപ്പെട്ടിരിക്കാമെന്നാണ് പോലീസ് നിഗമനം. കോഴിക്കോട് റൂറൽ എസ്.പി. മെറിൻ ജോസഫ്, വടകര ഡി.വൈ.എസ്.പി. കെ. സനിൽകുമാർ, സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി. സുനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നത പോലീസ് സംഘം സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും അന്വേഷണത്തിന് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നുണ്ട്.

ഇന്ന് രാവിലെയാണ് വീടിനോട് ചേർന്നുള്ള ഷെഡിനുള്ളിൽ സുധയെ രക്തത്തിൽ കുളിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്നും ചോരപുരണ്ട വാക്കത്തിയും കണ്ടെടുത്തിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക സൂചന.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe