ഇ ഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണം; ഉന്നത സിപിഐഎം നേതാക്കൾക്ക് പങ്കെന്ന് ഇ ഡി

news image
Jun 29, 2026, 10:53 am GMT+0000 payyolionline.in

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ പരിശോധന കഴിഞ്ഞ് മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണത്തിൽ സിപിഐഎം നേതാക്കൾക്ക് പങ്കുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഉന്നത സിപിഐഎം നേതാക്കൾ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നും സംസ്ഥാന സെക്രട്ടറിയുടെ സാന്നിധ്യത്തിലായിരുന്നു ആക്രമണമെന്നും ഇ ഡി കോടതിയിൽ നൽകിയ തടസ ഹർജിയിൽ പരാമർശിക്കുന്നു.

പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ച്ചയിലേക്ക് മാറ്റി. സംഭവത്തിൽ ഗൂഢാലോചന നടന്നതിന് തെളിവ് കണ്ടെത്താനായില്ലെന്നായിരുന്നു നേരത്തെ പൊലീസിന്റെ റിപ്പോർട്ട്. പ്രതികളുടെ ഫോൺ കോളുകളിൽ അസ്വാഭാവികതയില്ലെന്നും പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കൂടുതൽ ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. കേസിൽ 20ലേറെപ്പേർ ഇനിയും പിടിയിലാകാനുണ്ടെന്ന് പൊലീസ് പറയുന്നു. ഒരാൾ വിദേശത്തേക്ക് കടന്നെന്നും പൊലീസ് കോടതിയെ അറിയിച്ചു.

അതേസമയം, കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സർക്കാർ ഹർജി നൽകി. മ്യൂസിയം എസ്എച്ച്ഒയും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ഇക്കാര്യത്തിൽ തീരുമാനമായിരുന്നു. കഴിഞ്ഞ ദിവസം ഇ ഡിയും ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്.

പ്രോസിക്യൂട്ടറുടെ ഇടപെടലിൽ ഒൻപതാം പ്രതിക്ക് ജാമ്യം ലഭിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഞായറാഴ്ച രാവിലെ ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ മ്യൂസിയം എസ്എച്ച്ഒയെ കൊച്ചിയിലേക്ക് വിളിച്ച് വരുത്തി കൂടിക്കാഴ്ച നടത്തിയത്. എന്ത് സാഹചര്യത്തിലാണ് ജില്ലാ സെഷൻസ് കോടതി ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത് എന്നതിൽ മ്യൂസിയം എസ്എച്ച്ഒ കൃത്യമായ വിശദീകരണം ഡിജിപിക്ക് നൽകിയിട്ടുണ്ട്.

പതിമൂന്ന് കാരണങ്ങൾ നിരത്തിക്കൊണ്ടാണ് പ്രതിക്ക് ജാമ്യം നൽകരുതെന്ന് പൊലീസ് റിപ്പോട്ടിൽ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ പൊലീസിന്റെ ഈ റിപ്പോർട്ടിന്മേലുള്ള വാദത്തെക്കുറിച്ച് പ്രോസിക്യൂട്ടർ പൊലീസിനെ അറിയിച്ചില്ല. ജാമ്യം അനുവദിച്ചാലും പ്രശ്‌നമില്ലെന്ന നിലപാടാണ് പ്രോസിക്യൂട്ടർ സ്വീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ തെറ്റിദ്ധരിക്കപ്പെട്ടാണ് ജില്ലാ കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചതെന്നാണ് എസ്എച്ച്ഒ ഡിജിപിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരിക്കുന്നത്. കേസിൽ പ്രത്യേകം പ്രോസിക്യൂട്ടർ വേണമെന്ന ആവശ്യം മ്യൂസിയം എസ്എച്ച്ഒ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടതോടെ അതിന് അനുകൂല നിലപാട് ഉണ്ടായെന്നാണ് വിവരം.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe