വടകരയിൽ യുവാവിനെ മൺവെട്ടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് കവർച്ച; 19-കാരനായ വയനാട് സ്വദേശി പിടിയിൽ

news image
Jul 2, 2026, 6:40 am GMT+0000 payyolionline.in

വടകര: വടകരയിൽ യുവാവിനെ ആളൊഴിഞ്ഞ കെട്ടിടത്തിലെത്തിച്ച് മൺവെട്ടികൊണ്ട് ക്രൂരമായി ആക്രമിച്ച് ബൈക്കും മൊബൈൽ ഫോണും പണവും കവർന്ന കേസിൽ 19-കാരൻ പോലീസ് പിടിയിലായി. വയനാട് സ്വദേശി മുബഷീറിനെയാണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിൽ കോട്ടപ്പള്ളി സ്വദേശി കാട്ടിൽ പീടികയിൽ ശ്രീജിത്തിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

കഴിഞ്ഞ ജൂൺ 16-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പേരാമ്പ്രയിൽ വെച്ച് പരിചയപ്പെട്ട ഇരുവരും ശ്രീജിത്തിന്റെ ബൈക്കിലാണ് വടകരയിലെത്തിയത്. തുടർന്ന് എടോടിയിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ എത്തിച്ച ശേഷം മുബഷീർ അവിടെയുണ്ടായിരുന്ന മൺവെട്ടിയെടുത്ത് ശ്രീജിത്തിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.

ശ്രീജിത്ത് അവശനായതോടെ ഇയാളുടെ പണം, മൊബൈൽ ഫോൺ, എ.ടി.എം. കാർഡ്, ബൈക്ക് എന്നിവയുമായി പ്രതി കടന്നുകളഞ്ഞു. അവശനായ ശ്രീജിത്ത് ഏറെനേരത്തിന് ശേഷം ഇഴഞ്ഞുനീങ്ങി സമീപത്തെ വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസെത്തി ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കവർച്ചയ്ക്ക് ശേഷം കണ്ണൂരിലെത്തിയ പ്രതി, ഫോണിലെ സിം കാർഡ് നശിപ്പിക്കുകയും അന്നുതന്നെ അവിടെയൊരു കട കുത്തിത്തുറന്ന് മോഷണം നടത്തുകയും ചെയ്തു. മൊബൈൽ ഫോണിന്റെ ഐ.എം.ഇ.ഐ. നമ്പർ ഉൾപ്പെടെ കേന്ദ്രീകരിച്ച് വടകര പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്.

വടകര സി.ഐ. എ.വി. ദിനേശിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ചമ്രവട്ടത്ത് വെച്ചാണ് പ്രതിയെ പോലീസ് വലയിലാക്കിയത്. വടകര എസ്‌.ഐ. പി. ഷമീർ, എ.എസ്.ഐ. ഗണേശൻ, സി.പി.ഒ.മാരായ ശ്രീജിത്ത്, രാഹുൽ, ജില്ലാ പോലീസ് മേധാവിയുടെ സ്ക്വാഡ് അംഗം സുനിൽ കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe