തിരുവനന്തപുരം: പിഎസ്സി റാങ്ക് പട്ടിക നോക്കുകുത്തിയാക്കി താൽക്കാലിക ജീവനക്കാരെ സഹായിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ്. 505 പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരുടെ കാലാവധി നീട്ടി നൽകാനാണ് തദ്ദേശ വകുപ്പിന്റെ നീക്കം. 436 താൽക്കാലിക ഹെൽത്ത് ഇൻസ്പെക്ടർമാരെ നിയമിക്കാനും തദ്ദേശ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
പിഎസ്സി റാങ്ക് പട്ടികയിലെ നിയമനം നിലച്ചതോടെ പരാതിയുമായി സർക്കാരിനെ സമീപിക്കാൻ തയ്യാറെടുക്കുകയാണ് ഉദ്യോഗാർത്ഥികൾ. 505 ഹെൽത്ത് ഇൻസ്പെക്ടർമാരുടെ നിയമനം ദീർഘിപ്പിക്കാനുള്ള ശുപാർശ തദ്ദേശ മന്ത്രി കെ എം ഷാജി ഉടൻ അംഗീകരിച്ചേക്കും.
അടിയന്തര പ്രാധാന്യത്തോടെ അംഗീകാരം നൽകണമെന്ന് വകുപ്പ് സെക്രട്ടറി ഫയലിൽ കുറിച്ചിട്ടുണ്ട്. ഇതിനുപുറമേ 436 ഹെൽത്ത് ഇൻസ്പെക്ടർമാരെ കൂടി താൽക്കാലികമായി നിയമിക്കാനും നീക്കം നടക്കുന്നുണ്ട്. അതേസമയം, പിഎസ്സി
പട്ടിക പുറത്തുവന്ന് ആറുമാസം പിന്നിടുമ്പോഴും നൂറിൽ താഴെയാണ് നിയമനം. ചില ജില്ലകളിൽ ഒന്നോ രണ്ടോ പേർക്ക് മാത്രമാണ് നിയമനം ലഭിച്ചത്.
താൽക്കാലിക ജീവനക്കാർക്ക് വീണ്ടും അവസരം നൽകാനുള്ള നീക്കം തടയാൻ സർക്കാരിനെ സമീപിക്കാൻ തയ്യാറെടുക്കുകയാണ് പിഎസ്സി ഉദ്യോഗാർത്ഥികൾ. താൽക്കാലിക ജീവനക്കാരുടെ നിയമനം ദീർഘിപ്പിച്ചാൽ പിഎസ്സി പരീക്ഷ എഴുതിയവർ വഴിയാധാരാമാകും എന്നാണ് ഇവരുടെ പരാതി.
