വടകര: കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് ജിതിൻ ഭാസ്കറിന് ജാമ്യം. കോഴിക്കോട് സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. നേരത്തെ വടകര സെഷൻസ് കോടതി ജിതിൻ ഭാസ്കറിൻ്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. കോടതി ജിതിൻ ഭാസ്കറിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.
കാഫിർ സ്ക്രീൻഷോട്ട് കേസിൽ പ്രധാന തെളിവുകൾ നശിപ്പിക്കപ്പെട്ടെന്നാണ് ജിതിൻ ഭാസ്കറിന്റെ റിമാൻഡ് റിപ്പോർട്ടിലുള്ളത്. മൊബൈൽ ഫോൺ റീസെറ്റ് ചെയ്ത് തെളിവുകൾ നശിപ്പിച്ചതിനാൽ ജില്ലാ ഫോറൻസിക് വിഭാഗത്തിന് ഡേറ്റ തിരിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ലെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്. സംസ്ഥാന ഫോറൻസിക്ക് വിഭാഗത്തിന് ഫോൺ അയക്കണമെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ ആവശ്യപ്പെടുന്നത്. റിമാൻഡ് റിപ്പോർട്ടിന്റെ പകർപ്പ് റിപ്പോർട്ടർ ചാനലിന് ലഭിച്ചിരുന്നു. തെളിവ് നശിപ്പിക്കാനുള്ള നീക്കം അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന്റെ ഭാഗത്ത് നിന്നുണ്ടായെന്നും ജിതിൻ ഭാസ്കറോ ജിതിന്റെ സഹായിയോ ആകാം കാഫിർ സ്ക്രീൻഷോട്ട് നിർമിച്ചതെന്നായിരുന്നു റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.
അതേസമയം വ്യക്തികൾക്കും ഗ്രൂപ്പുകളിലേക്കും ജിതിൻ കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചുവെന്ന് കണ്ടെത്തലുണ്ട്. സ്ക്രീൻഷോട്ട് ഷെയർ ചെയ്യപ്പെട്ടത് 200 ഓളം ഗ്രൂപ്പുകളിലേക്കാണെന്നും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്. കാഫിർ സ്ക്രീൻഷോട്ട് ജിതിൻ ഭാസ്കർ ആദ്യം ‘വടകര സ്ക്വാഡ്’ എന്ന വാട്സാപ് ഗ്രൂപ്പിലും തുടർന്ന് ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ ‘റെഡ് എൻകൗണ്ടർ’ എന്ന ഗ്രൂപ്പിലും പ്രചരിപ്പിച്ചുവെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നിഗമനം. ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ജിതിൻ ഭാസ്കറിലേക്ക് എത്തിയത്.
ജിതിൻ ഭാസ്കർ തെറ്റ് ചെയ്തുവെന്ന് കരുതുന്നില്ലെന്നും യുഡിഎഫ് തിരക്കഥ അനുസരിച്ചാണ് എസ്ഐടി പ്രതികളെ നിശ്ചയിച്ചതെന്നും ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി എൽ ജി ലിജീഷ് നേരത്തെ റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു. വടകര എം പി ഷാഫി പറമ്പിൽ, കുറ്റ്യാടി എംഎൽഎ പാറക്കൽ അബ്ദുള്ള എന്നിവർ പറയുന്നതിനനുസരിച്ച് ഡിവൈഎഫ്ഐ നേതാക്കളെ വേട്ടയാടുകയാണെന്നും ഡിവൈഎഫ്ഐ ആരോപിച്ചിരുന്നു.
കാഫിർ സ്ക്രീൻഷോട്ട് കേസിൽ സിപിഐഎം നേരത്തെ വടകര റൂറൽ എസ്പിയുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു. കള്ളക്കേസ് പിൻവലിക്കണമെന്നായിരുന്നു സിപിഐഎമ്മിന്റെ ആവശ്യം. ജില്ലാ സെക്രട്ടറി എം മെഹബൂബായിരുന്നു മാർച്ച് ഉദ്ഘാടനം ചെയ്തത്. ഷാഫി പറമ്പിലിനെയും പാറക്കൽ അബദുല്ലയെയും പുറത്തിറങ്ങാൻ അനുവദിക്കില്ലെന്ന തരത്തിൽ എം മെഹബൂബ് സംസാരിച്ചത് വിവാദമായിരുന്നു. സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിക്കെതിരെ ഈ വിഷയത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് വി പി ദുൽകിഫിൽ പരാതി നൽകിയിരുന്നു. ഷാഫി പറമ്പിൽ എംപി, പാറക്കൽ അബ്ദുല്ല എംഎൽഎ എന്നിവരെ ഭീഷണിപ്പെടുത്തിയതിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു.
