പ്രതിസന്ധിക്ക് പരിഹാരം കാണാൻ തിരക്കിട്ട നീക്കവുമായി കെഎസ്ഇബി; കൂടുതൽ വൈദ്യുതി വാങ്ങാൻ നീക്കം

news image
Jul 17, 2026, 3:17 am GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ തിരക്കിട്ട നീക്കവുമായി കെഎസ്ഇബി. കൂടുതൽ വൈദ്യുതി വാങ്ങാനാണ് നീക്കം. 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ തീരുമാനമായിട്ടുണ്ട്. റൗണ്ട് ക്ലോക്ക് അടിസ്ഥാനത്തിലാണ് വൈദ്യുതി വാങ്ങുക. 5.96 രൂപ അടിസ്ഥാനത്തിൽ വൈദ്യുതി വാങ്ങുന്നതിന് റെഗുലേറ്ററി കമ്മീഷനിൽ പെറ്റീഷൻ ഫയൽ ചെയ്തിട്ടുണ്ട്. അനുമതി ലഭിച്ചാൽ രണ്ട് ദിവസത്തിനകം തന്നെ വൈദ്യുതി ലഭ്യമായി തുടങ്ങും.

കൂടുതൽ വൈദ്യുതി വാങ്ങുന്നതിലൂടെ പ്രതിസന്ധിക്ക് ഭാഗികമായി പരിഹാരം കാണാൻ കഴിയുമെന്നാണ് വിലയിരുത്തൽ. പീക്ക് ടൈമിൽ ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാനും ആലോചനയുണ്ട്. ഡീപ് പോർട്ടൽ വഴി ഹ്രസ്വകാല അടിസ്ഥാനത്തിൽ വൈദ്യുതി വാങ്ങുന്നതും പരിഗണനയിലാണ്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഈ മാസം 23ന് ശേഷമുണ്ടാകും.

അതേസമയം സംസ്ഥാനത്ത് വരും ദിവസങ്ങളിലും വൈദ്യുതി നിയന്ത്രണം തുടർന്നേക്കുമെന്നാണ് റിപ്പോർട്ട്. വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് കെഎസ്ഇബിയുടെ തീരുമാനം. ഇന്നലെയും സംസ്ഥാനത്ത് അരമണിക്കൂറിലധികം വൈദ്യുതി നിയന്ത്രണമുണ്ടായി. ചില ഇടങ്ങളിൽ ഇടവിട്ട് പല തവണ വൈദ്യുതി മുടങ്ങുന്ന സാഹചര്യവുമുണ്ടായി. മഴ പെയ്യാത്ത സാഹചര്യത്തിൽ കൂടുതൽ വൈദ്യുതി എത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ വൈദ്യുതി നിയന്ത്രണം തുടരേണ്ടി വരും.

15 മുതൽ 30 മിനിറ്റാണ് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചിരുന്നതെങ്കിലും പലയിടത്തും ഇതിൽ കൂടുതൽ സമയം വൈദ്യുതി മുടങ്ങുന്ന സാഹചര്യമുണ്ടെന്നാണ് പരാതി. കൃത്യമായ സമയക്രമം ഇല്ലാത്തതിനാൽ പല ഇടത്തും പല സമയത്താണ് നിയന്ത്രണമെന്ന പരാതി ഉയർന്നിട്ടുണ്ട്. ചിലയിടങ്ങളിൽ ഒന്നിൽ കൂടുതൽ സമയം നിയന്ത്രണമുണ്ടാകുന്നുവെന്നും വൈദ്യുതി മുടങ്ങുന്ന കൃത്യസമയം അറിയിക്കണമെന്നും ജനങ്ങൾ ആവശ്യപ്പെടുന്നു.

നിയന്ത്രണം ഒഴിവാക്കാനാകാത്ത സാഹചര്യമെന്നാണ് മന്ത്രി സണ്ണി ജോസഫ് കഴിഞ്ഞ ദിവസം അറിയിച്ചത്. എസി, അലങ്കാര വിളക്കുകൾ തുടങ്ങിയവയുടെ ഉപയോഗം നിയന്ത്രിക്കണമെന്നും പ്രതിസന്ധി പരിഹരിക്കാൻ എല്ലാ ഇടപെടലുമുണ്ടാകുമെന്നും മന്ത്രി സണ്ണി ജോസഫ് അറിയിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe