സ്‌കൂളുകളിൽ സൗജന്യ കെ ഫോൺ സേവനം നിർത്തലാക്കിയ നടപടി; തീരുമാനം തിരുത്താനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

news image
Jul 27, 2026, 9:35 am GMT+0000 payyolionline.in

തിരുവനന്തപുരം: സ്‌കൂളുകളിൽ കെ ഫോൺ വഴിയുള്ള സൗജന്യ ഇന്റർനെറ്റ് സേവനം നിർത്തലാക്കിയ നടപടിയിൽ തീരുമാനം തിരുത്താനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. സൗജന്യ ഇന്റർനെറ്റ് സേവനം തുടരാൻ ബദൽ മാർഗം തേടാനാണ് നീക്കം. വിദ്യാഭ്യാസ മന്ത്രി വിഷയത്തിൽ മുഖ്യമന്ത്രിയുമായി നേരിട്ട് ചർച്ച നടത്തും. സ്‌കൂളുകൾക്ക് സാമ്പത്തിക ബുദ്ധിമുട്ടാകുമെന്ന പരാതിക്ക് പിന്നാലെയാണ് നടപടി.

ഇനി മുതൽ കെ ഫോൺ വഴിയുള്ള ഇന്റർനെറ്റ് സേവനത്തിന് സ്‌കൂളുകൾ പണമടയ്ക്കണം എന്നായിരുന്നു അറിയിപ്പ്. ഇനി ബില്ല് അടക്കുന്നവർക്ക് മാത്രം ഇന്റർനെറ്റ് സേവനം നൽകിയാൽ മതിയെന്ന് കെ ഫോൺ തീരുമാനമെടുത്തിരുന്നു. ഇത് സംബന്ധിച്ച് കെ ഫോൺ ഇമെയിൽ വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ടിരുന്നു. സംസ്ഥാനത്ത് 6000 സ്‌കൂളുകളിലാണ് കെ ഫോൺ സേവനം നൽകുന്നത്. ഒരു ഓഫീസിനും ഇനി മുതൽ സൗജന്യമില്ലെന്നായിരുന്നു അവർ അറിയിച്ചിരുന്നത്. 2018 മുതലാണ് കെ ഫോൺ സേവനം ലഭിച്ച് തുടങ്ങിയത്. കെ ഫോൺ ആവശ്യമെങ്കിൽ അറിയിക്കണമെന്ന് സ്‌കൂളുകൾക്ക് നിർദേശവും നൽകിയിരുന്നു.

സംസ്ഥാനത്തെ എല്ലാവർക്കും കുറഞ്ഞ ചെലവിലും ഗുണമേന്മയുള്ളതുമായ ഇന്റർനെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന പദ്ധതിയാണ് കെ ഫോൺ. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യമായി ഇന്റർനെറ്റ് നൽകലും പദ്ധതിയുടെ ലക്ഷ്യമാണ്. ഐടി വകുപ്പിന് കീഴിൽ കെഎസ്ഇബി, കെഎസ്‌ഐടിഐഎൽ എന്നിവർ ചേർന്നാണ് പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത്. സർക്കാർ ഓഫീസുകൾ, സ്‌കൂളുകൾ, ആശുപത്രികൾ, ഐടി പാർക്കുകൾ, മറ്റ് സർക്കാർ ഓഫീസുകൾ എന്നിവയെല്ലാം കെ ഫോൺ വഴി ബന്ധിപ്പിച്ചിരുന്നു. ഇന്റർനെറ്റ് ഒരു അടിസ്ഥാന അവകാശമായി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനമാണ് കേരളം.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe