‘ഗുരുവായൂർ ദേവസ്വത്തിന്റെ കണക്കുകളിൽ ഗുരുതര പോരായ്മ’; വിമർശനവുമായി ഹൈക്കോടതി

news image
Jul 28, 2026, 10:07 am GMT+0000 payyolionline.in

കൊച്ചി : ഗുരുവായൂർ ദേവസ്വം ബോർഡിന്റെ സാമ്പത്തിക കണക്കുകളിൽ ഗുരുതരമായ പോരായ്മകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയുടെ കടുത്ത വിമർശനം. ദേവസ്വത്തിന്റെ സ്വത്തുക്കൾ മുഴുവൻ ഭഗവാന്റേതാണെന്നും ദേവസ്വം കമ്മിറ്റി വെറും വിശ്വസ്തരായ സൂക്ഷിപ്പുകാർ മാത്രമാണെന്നും വ്യക്തമാക്കിയ കോടതി, ഇവിടെ സമഗ്രവും സ്വതന്ത്രവുമായ ഓഡിറ്റിംഗ് അനിവാര്യമാണെന്ന് ഓർമ്മിപ്പിച്ചു. നിലവിലെ ഓഡിറ്റ് സംവിധാനത്തിൽ വലിയ ഘടനാപരമായ വീഴ്ചകളുണ്ടെന്നും ഇത് അടിയന്തരമായി പരിഷ്കരിക്കണമെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് വ്യക്തമാക്കി.

​വാർഷിക കണക്കുകൾ അന്തിമമാക്കുന്നതിലുണ്ടാകുന്ന അനാവശ്യ കാലതാമസത്തിൽ കോടതി ശക്തമായ അതൃപ്തി രേഖപ്പെടുത്തി. ദേവസ്വത്തിനുള്ള 65 ബാങ്ക് അക്കൗണ്ടുകളിൽ 37 എണ്ണം മാത്രമാണ് നിലവിൽ സജീവമായിട്ടുള്ളത്. കൃത്യമായ വിവരങ്ങൾ ലഭ്യമാകാത്തതാണ് ഓഡിറ്റിന് പ്രധാന തടസ്സമെന്ന് നിരീക്ഷിച്ച കോടതി, ഡിജിറ്റൽ ഓഡിറ്റിംഗ് കാര്യക്ഷമമാക്കാൻ കേന്ദ്രീകൃത സോഫ്റ്റ്‌വെയറും ഓഡിറ്റ് ലോഗിനും വേണമെന്ന ശുപാർശയും മുന്നോട്ട് വെച്ചു. വിഷയത്തിൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി 10 ദിവസത്തിനകം സത്യവാങ്മൂലം സമർപ്പിക്കാൻ ദേവസ്വം ബോർഡിന് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

​കഴിഞ്ഞ ദിവസങ്ങളിലും വാർഷിക കണക്കെടുപ്പിലെ വീഴ്ചകളെക്കുറിച്ച് കോടതി കടുത്ത ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. സാമ്പത്തിക വർഷം പൂർത്തിയായി 15 ദിവസത്തിനകം കണക്കുകൾ ഓഡിറ്ററെ അറിയിക്കേണ്ടതുണ്ടായിട്ടും എന്തുകൊണ്ടാണ് ഇതിൽ വീഴ്ച വരുത്തുന്നതെന്ന് കോടതി ചോദിച്ചു. ക്ഷേത്രത്തിലേക്ക് ഒരു രൂപ വന്നാലും ഒരു കോടി രൂപ വന്നാലും അതിന്റെ കണക്കുകൾ കൃത്യമായിരിക്കണം. കണക്കുകൾ സൂക്ഷിക്കാൻ ദേവസ്വം ഒന്നും ചെയ്യുന്നില്ലെന്ന് വിമർശിച്ച കോടതി, പ്രതിവർഷം ജൂൺ 30-ന് മുൻപായി ദേവസ്വത്തിന്റെ സ്വർണ്ണമുൾപ്പെടെയുള്ള മുഴുവൻ സ്വത്തുക്കളുടെയും മൂല്യനിർണ്ണയം നടത്തണമെന്നും കർശന നിർദ്ദേശം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe