കൊയിലാണ്ടി: ചെങ്ങോട്ടുകാവ്-നന്തി ബൈപ്പാസ് നിർമാണത്തെത്തുടർന്ന് കുന്നോറമലയിൽ അപകടാവസ്ഥയിലായ ഒൻപത് കുടുംബങ്ങളുടെ വീടുകളും മറ്റ് ഏഴുപേരുടെ സ്ഥലവും ദേശീയപാതാ അതോറിറ്റി (എൻ.എച്ച്.എ.ഐ.) ഏറ്റെടുത്തു. സെന്റിന് മൂന്ന് ലക്ഷത്തിലധികം രൂപ നഷ്ടപരിഹാരം നൽകിയാണ് നടപടികൾ പൂർത്തിയാക്കിയത്. ഏറ്റെടുത്ത സ്ഥലങ്ങളിലെ വീടുകളും കെട്ടിടങ്ങളും പൊളിച്ചുനീക്കാൻ ഉടമകൾക്ക് അവസരം നൽകിയതിനെത്തുടർന്ന് ഇവ പൊളിച്ചുനീക്കിക്കഴിഞ്ഞു.
ബൈപ്പാസ് നിർമാണത്തിനായി കുന്ന് കുത്തനെയിടിച്ചതോടെ പ്രദേശത്ത് മണ്ണിടിച്ചിൽ ഭീഷണി രൂക്ഷമായിരുന്നു. അപകടസാധ്യത കണക്കിലെടുത്ത് ഭൂരിഭാഗം കുടുംബങ്ങളും നേരത്തെ തന്നെ വാടകവീടുകളിലേക്ക് മാറിത്താമസിച്ചിരുന്നു. അധികൃതർ ഈ ഭാഗത്ത് മണ്ണ് ഇടിയാതിരിക്കാൻ സോയിൽ നെയ്ലിങ് ചെയ്തിരുന്നെങ്കിലും ഭീഷണി പൂർണ്ണമായി മാറിയിരുന്നില്ല. ഇതേത്തുടർന്ന് പ്രദേശവാസികൾ അനിശ്ചിതകാല പ്രക്ഷോഭവുമായി രംഗത്തിറങ്ങിയിരുന്നു. തുടർന്ന് ഷാഫി പറമ്പിൽ എം.പിയും ജില്ലാ കളക്ടറും സ്ഥലം സന്ദർശിച്ച് നടത്തിയ ഇടപെടലുകൾക്കൊടുവിലാണ് എൻ.എച്ച്.എ.ഐ. ഈ അപകടമേഖലയിലെ സ്ഥലവും വീടുകളും ഏറ്റെടുക്കാൻ തയ്യാറായത്. ഇതിനൊപ്പം തന്നെ മണ്ണിടിച്ചിൽ തടയാനായി നിലവിൽ 14 മീറ്റർ ഉയരത്തിൽ ശക്തമായ കോൺക്രീറ്റ് മതിൽ നിർമിക്കുന്ന പ്രവൃത്തികളും ആരംഭിച്ചിട്ടുണ്ട്.
റോഡിന്റെ കിഴക്കുഭാഗത്തും മണ്ണിടിച്ചിൽ ഭീഷണിയുള്ള ഒരു വീട് പൊളിച്ചുനീക്കുകയും തട്ടുതട്ടായി മണ്ണുമാറ്റി റോഡ് നിർമാണം നടത്തുകയും ചെയ്യുന്നുണ്ട്. അതേസമയം, കുന്നിനു മുകളിൽ പടിഞ്ഞാറു ഭാഗത്തുള്ള ഏതാനും പേരുടെ സ്ഥലം കൂടി നഷ്ടപരിഹാരം നൽകി ഏറ്റെടുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ബൈപ്പാസ് നിർമാണത്തോടൊപ്പം തന്നെ കുന്നിന് സമീപത്തുകൂടി വാഹനങ്ങൾക്ക് കടന്നുപോകാൻ പാകത്തിലുള്ള സർവീസ് റോഡ് നിർമിക്കേണ്ടത് അനിവാര്യമാണ്. നിലവിൽ കുന്നിനു മുകളിൽ താമസിക്കുന്നവർക്ക് അസുഖം വന്നാൽ ആശുപത്രിയിൽ എത്തിക്കാനോ വിദ്യാർഥികൾക്ക് സ്കൂളുകളിൽ പോകാനോ സാധിക്കാത്ത വിധം യാത്രാസൗകര്യം മുടങ്ങിയിരിക്കുകയാണ്.
കൊല്ലം എസ്.എൻ.ഡി.പി. കോളേജ്, ഗുരുദേവ കോളേജ് എന്നിവിടങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കുമായി കുന്നോറമലയിൽ ഒരു ഫുട്ട്ഓവർ ബ്രിഡ്ജ് നിർമിക്കുന്നുണ്ട്. എന്നാൽ നിലവിൽ ബൈപ്പാസ് നിർമാണം താൽക്കാലികമായി മുടങ്ങിക്കിടക്കുന്ന അവസ്ഥയിലാണ്. റോഡ് പൂർണ്ണമായും ചെളിക്കുളമായതിനാൽ വാഹനഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഇവിടെ ഇനിയും മണ്ണടിച്ചുയർത്തിയാൽ മാത്രമേ ബൈപ്പാസിന്റെ നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ സാധിക്കുകയുള്ളൂ.
