നവജാത ശിശുക്കളുടെ വിൽപ്പന: തൊടുപുഴയിൽ പ്രസവിച്ച കുഞ്ഞിനെ കൈമാറിയത് കൊല്ലം സ്വദേശിനിക്ക്; ചാറ്റുകൾ പുറത്ത്

news image
Jul 31, 2026, 9:09 am GMT+0000 payyolionline.in

കോട്ടയം: കോട്ടയത്ത് നവജാത ശിശുക്കളുടെ വിൽപ്പനയെന്ന് കാട്ടി അസം സ്വദേശി നൽകിയ പരാതിയിൽ നിർണായക വിവരങ്ങൾ പുറത്ത്. പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടാമത്ത കേസിൽ കുഞ്ഞിനെ വാങ്ങിയത് കൊല്ലം സ്വദേശിയായ കൃഷ്ണശ്രീ എന്ന യുവതിയാണെന്ന് വ്യക്തമായി. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ആറുമാസം മുമ്പാണ് ഇതരസംസ്ഥാനത്ത് നിന്നുള്ള യുവതി പ്രസവിച്ചത്. പ്രസവത്തിന്റെ ചെലവുകൾ വഹിച്ചതും കൊല്ലം സ്വദേശികളായ ദമ്പതികളാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരെ പൊലീസ് ഉടൻ ചോദ്യം ചെയ്യും.

തിരുനെൽവേലി സ്വദേശിയായ മുപ്പിലിരാജ എന്നയാളാണ് വിൽപനയ്ക്ക് പിന്നിലെ മുഖ്യ സൂത്രധാരൻ. ഇയാളുടെ മൊബൈലിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. മുപ്പിലിരാജ, കൃഷ്ണശ്രീ എന്നിവരടക്കം നാലുപേരെ പ്രതി ചേർത്ത് തൊടുപുഴ പൊലീസ് പുതിയ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. തൊടുപുഴ സിഐ സിജോ വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

അതിനിടയിൽ അസം സ്വദേശിനിയുമായി പ്രതികൾ നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകൾ പുറത്തുവന്നിട്ടുണ്ട്. കുട്ടിയെ വിൽക്കാനുണ്ടോ എന്ന് പ്രതികൾ ഇവരോട് ചോദിച്ചിരുന്നു. ഇല്ലെന്ന് മറുപടി നൽകിയപ്പോൾ രണ്ട് ലക്ഷം രൂപ നൽകാമെന്നായിരുന്നു വാഗ്ദാനം. ഇൻസ്റ്റഗ്രാമിലൂടെയാണ് യുവതിയെ ഇവർ ബന്ധപ്പെടുന്നത്. പിന്നീടാണ് വാട്‌സ്ആപ്പ് നമ്പർ കൈമാറുന്നത്. ആദ്യം അറസ്റ്റിലായ പ്രതികളിലൊരാളായ അർജുനും ഇയാളുടെ പങ്കാളിയായ യുവതിയുമാണ് അസം സ്വദേശിയെ റെയിൽവേ സ്റ്റേഷനിലെത്തി ഒപ്പം കൂട്ടിയത്. സ്‌കാനിങ് റിപ്പോർട്ടുകൾ ഉൾപ്പെടെ പരിശോധിച്ച ശേഷമാണ് സംഘം ഗർഭിണികളെ കേരളത്തിൽ എത്തിക്കുന്നത്.

സംസ്ഥാനത്ത് നവജാത ശിശുക്കളെ വിൽപ്പന നടത്തിയ സംഭവത്തിൽ അന്വേഷണം ഇടുക്കിയിലേക്കും നീളുകയാണ്. ആദ്യം കോട്ടയത്ത് രജിസ്റ്റർ ചെയ്ത കേസിലെ ഒന്നാംപ്രതി മൂപ്പിലിരാജ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തൊടുപുഴ പൊലീസ് പുതിയ കേസെടുത്തത്. പ്രസവം നടന്ന ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം പൊലീസ് ശേഖരിക്കും. നിയമാനുസൃതമായല്ല കുട്ടിയെ കൈമാറിയത് എന്നതാണ് കണ്ടെത്തൽ. ദമ്പതികൾക്ക് നോട്ടീസ് നൽകിയ ശേഷം ഉടൻ ചോദ്യം ചെയ്യാനാണ് തീരുമാനം. അതേസമയം നേരത്തെ അറസ്റ്റിലായ പ്രതികൾക്കായി തൊടുപുഴ പൊലീസ് കസ്റ്റഡി അപേക്ഷ സമർപ്പിക്കും.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe