വടകരയിലെ അധ്യാപികമാരുടെ അറസ്റ്റ്: നിർണായക ചാറ്റുകളും ചിത്രങ്ങളും അന്വേഷണ സംഘത്തിന്

news image
Aug 7, 2026, 5:32 am GMT+0000 payyolionline.in

വടകര: വടകര അധ്യാപികമാർ പ്രതികളായ ലഹരിക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അറസ്റ്റിലായ കീർത്തനയുടെ ഫോൺ കേന്ദ്രീകരിച്ച് നത്തിയ അന്വേഷണത്തിലാണ് പൊലീസിന് ലഹരി ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചത്. കീർത്തനയുടെ ഫോണിൽ നിന്ന് ലഹരി ഇടപാടുകൾ സംബന്ധിച്ച ചാറ്റുകൾ കണ്ടെത്തി. എൻഡിപിഎസ് കേസിലെ പ്രതികളുമായി നടത്തിയ ചാറ്റുകളും ഫോട്ടോകളും ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. കുട്ടികളെ ഉപയോഗിച്ച് കച്ചവടം നടത്തിയോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

കേസിൽ ഇന്നലെ കീർത്തനയെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. പൊലീസ് നൽകിയ കസ്റ്റഡി അപേക്ഷയുടെ പകർപ്പിൽ നിർണായക വിവരങ്ങളാണ് ഉള്ളത്. പ്രതികളുമായി നടത്തിയത് ലക്ഷക്കണക്കിന് രൂപയുടെ ഗൂഗിൾ പേ ഇടപാടെന്ന് അന്വേഷണസംഘം അപേക്ഷയിൽ പറഞ്ഞിരുന്നു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണി വരെയാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. കേസിൽ കീർത്തന ഉൾപ്പെടെ മൂന്ന് അധ്യാപികമാരും ജിജിൽ, സഫ്‌വാൻ എന്നീ യുവാക്കളുമാണ് അറസ്റ്റിലായത്.

ഇവരുടെ അക്കൗണ്ടിൽ പണം അയച്ചാണ് ആവശ്യക്കാർ എംഡിഎംഎ വാങ്ങിയത് എന്നാണ് പൊലീസ് വ്യക്തമാക്കിയിരുന്നത്. വയനാട് സ്വദേശിയായ മറ്റൊരു 22കാരനാണ് പ്രധാന കണ്ണി. ഇയാൾക്കായി പൊലീസ് തിരച്ചിൽ നടത്തി വരികയാണ്. പിടിയിലായവരും വയനാട് സ്വദേശിയും തമ്മിൽ ഇടപാട് നടന്നതിന്റെ തെളിവ് പൊലീസിന് ലഭിച്ചിട്ടുണ്ട്.

അവസാനം പിടിയിലായത് കണ്ണൂർ ഇരട്ടി സ്വദേശിയും ഓൺലൈൻ ഡെലിവറി ബോയുമായ ജിജിൽ ആണ്. അധ്യാപികമാർ വയനാട് സ്വദേശിക്ക് നേരിട്ടും ജിജിൽ വഴിയും പണമിടപാട് നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe