തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്രമായ മാറ്റങ്ങൾ നടപ്പിലാക്കുന്നു. ഇനിമുതൽ സ്റ്റേഷൻ ഭരണം എസ്.ഐമാർ ഏറ്റെടുക്കും. വളരെ പ്രധാനപ്പെട്ട 64 പോലീസ് സ്റ്റേഷനുകളിൽ മാത്രമായിരിക്കും ഇൻസ്പെക്ടർമാർ സ്റ്റേഷൻ ഹൗസ് ഓഫീസർമാരായി (SHO) തുടരുക. പോലീസിനെ കൂടുതൽ ജനകീയമാക്കാൻ ലക്ഷ്യമിട്ടുള്ള ‘എന്റെ പോലീസ് സ്റ്റേഷൻ’ പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി തിരുവനന്തപുരത്ത് നിർവഹിക്കും.
കേരള പോലീസ് സംവിധാനത്തിൽ സ്റ്റേഷനുകളുടെ മുഖച്ഛായ മാറ്റുന്ന കർമ്മപദ്ധതിക്കാണ് സർക്കാർ നേതൃത്വം നൽകുന്നതെന്നും, പോലീസിനെ സംബന്ധിച്ച് ഇതൊരു ചരിത്രപരമായ തീരുമാനമാണെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. ഇന്ത്യയിൽ ആദ്യമായിട്ടായിരിക്കും പോലീസ് സ്റ്റേഷൻ കേന്ദ്രീകരിച്ചുള്ള ഇത്തരം ഒരു പരിഷ്കരണമെന്നും ജനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കസ്റ്റഡി മർദ്ദനങ്ങളും അനധികൃത തടവുകളും പൂർണ്ണമായി ഒഴിവാക്കി ശാസ്ത്രീയമായ അന്വേഷണ രീതികൾ നടപ്പിലാക്കുന്നതിനാണ് സർക്കാരിന്റെ പ്രഥമ പരിഗണന. ഉയർന്ന ഉദ്യോഗസ്ഥരടക്കം പൊതുജനങ്ങളോട് മാന്യമായി പെരുമാറുന്നതിനായി പ്രത്യേക പരിശീലനം നൽകും. 20 വർഷം പിന്നിട്ട ജനമൈത്രി സുരക്ഷാ പദ്ധതി കൂടുതൽ ആധുനികവൽക്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്. പൊതുജനങ്ങളിൽ നിന്ന് പ്രതിമാസ അഭിപ്രായങ്ങൾ സ്വീകരിക്കുന്നതിനായി ഡി.ഐ.ജിമാരുടെ നേതൃത്വത്തിൽ സ്വതന്ത്ര സംവിധാനം വരും. പരാതികളുടെ എണ്ണവും എഫ്.ഐ.ആർ രജിസ്ട്രേഷനും ഡി.ജി.പിയുടെ നേതൃത്വത്തിൽ ഡിജിറ്റലായി നിരീക്ഷിക്കുക തുടങ്ങിയവയാണ് നടപ്പാക്കുന്ന പ്രധാന മാറ്റങ്ങൾ.
