കൊച്ചി: എറണാകുളത്ത് നിന്നും ബെംഗളൂരുവിലേക്കുള്ള വന്ദേഭാരത് ട്രെയിനിൽ ചത്ത അണലിയെ കണ്ടെത്തി. എറണാകുളത്ത് നിന്നും പുറപ്പെടാനിരുന്ന ട്രെയിനിന്റെ സി6 കോച്ചിൽ ചത്ത പാമ്പിനെ കണ്ടത്. തുടർന്ന് ശുചീകരണ തൊഴിലാളികൾ എത്തി പാമ്പിനെ നീക്കിയ ശേഷമാണ് ട്രെയിൻ പുറപ്പെട്ടത്. സംഭവത്തിൽ റെയിൽവേ വിശദമായ അന്വേഷണം നടത്തും.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. എറണാകുളത്തെ ഇൻഷൂറൻസ് കമ്പനിയിൽ ജോലി ചെയ്യുന്നയാൾ കുടുംബത്തോടൊപ്പം കോയമ്പത്തൂരിലേക്ക് പോകാനിരിക്കെയാണ് സംഭവം. സീറ്റിലിരുന്നപ്പോഴാണ് തൊട്ടടുത്ത സീറ്റിൽ പാമ്പിനെ കണ്ടതെന്നും ചത്ത പാമ്പാണെന്ന് പിന്നീടാണ് മനസ്സിലായതെന്നും യാത്രക്കാരൻ പറയുന്നു. പാമ്പിന് മുകളിൽ ഭാരമുള്ള എന്തോ വെച്ചതുകൊണ്ടാണ് ചത്തതെന്ന് തോന്നുന്നുവെന്നും തനിക്ക് മുന്നേ മറ്റൊരു സീറ്റിലിരുന്നയാൾ പാമ്പിനെ കണ്ടെങ്കിലും കളിപ്പാട്ടമാണെന്നാണ് കരുതിയതെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാർക്ക് പരാതി ഉന്നയിക്കാനുള്ള ‘റെയിൽമദദ്’ പോർട്ടലിൽ പരാതിപ്പെട്ടതിനെ തുടർന്നാണ് റെയിൽവേ ജീവനക്കാരെത്തി പാമ്പിനെ നീക്കിയത്.
അതേസമയം ബെംഗളൂരുവിൽ നിന്നും എറണാകുളത്തേക്ക് വന്ന തീവണ്ടിയായിരുന്നു ഇതെന്നും വൃത്തിയാക്കൽ പൂർത്തിയായിരുന്നതായും റെയിൽവേ അധികൃതർ വ്യക്തമാക്കി. വന്ദേഭാരതിൽ തന്നെയുള്ള ശുചീകരണതൊഴിലാളികളാണ് സീറ്റുകൾ വൃത്തിയാക്കിയതെന്നും അന്വേഷണം നടത്തുമെന്നുമാണ് റെയിൽവേപക്ഷം.
