വടകര: ലഹരി മാഫിയക്കെതിരെ ആഭ്യന്തര വകുപ്പ് നടപ്പാക്കുന്ന ‘ഓപ്പറേഷന് തൂഫാന് ദി നാര്‍ക്കോ ഹണ്ട്’ പദ്ധതിയുടെ ഭാഗമായി സീനിയര്‍ സിറ്റിസണ്‍സ് സംഗമവും തൂഫാന് കെയര്‍ പ്രഖ്യാപനവും സംഘടിപ്പിക്കുന്നു. കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് സംഘടിപ്പിക്കുന്ന പരിപാടി ഇന്ന് വൈകീട്ട് 4.30 ന് വടകര മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും. തൂഫാന് പോസ്റ്റര്‍ രചനാ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും ചടങ്ങിൽ നിർവഹിക്കും.
വൈകിട്ട് നാലിന് വടകര സാംസ്കാരിക ചത്വരത്തില്‍ നിന്ന് ആരംഭിക്കുന്ന ലഹരിവിരുദ്ധ സന്ദേശ റാലി അഞ്ചുവിളക്ക് വഴി ടൗണ്‍ഹാളില്‍ എത്തിച്ചേരും. തുടർന്ന് നടക്കുന്ന പൊതുയോഗത്തിൽ വടകര എം.എല്‍.എ കെ.കെ. രമ അധ്യക്ഷത വഹിക്കും. വടകര എം.പി. ഷാഫി പറമ്പില്‍ തൂഫാന് വാരിയര്‍ പ്രഖ്യാപനവും, കോഴിക്കോട് എം.പി. എം.കെ. രാഘവന് തൂഫാന് ബാഡ്ജ് വിതരണവും നിര്‍വഹിക്കും. പത്മശ്രീ മീനാക്ഷി അമ്മ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ബാഡ്ജ് സ്വീകരിക്കും.
നോര്‍ത്ത് സോണ്‍ ഐ.ജി പുട്ട വിമലാദിത്യ വിഷയാവതരണവും കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി കാര്‍ത്തിക് കെ. തൂഫാന് സന്ദേശവും നല്‍കും. ജനപ്രതിനിധികൾ, പെൻഷൻകാർ, റസിഡൻസ് അസോസിയേഷനുകൾ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ പങ്കാളികളാകും. ലഹരിവിമുക്ത സമൂഹം സൃഷ്ടിക്കുന്നതിനൊപ്പം കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കും സംരക്ഷണം ഉറപ്പാക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി കോഴിക്കോട് സിറ്റിയിലും റൂറലിലുമായി നിരവധി മയക്കുമരുന്ന് വിതരണക്കാരെ പോലീസ് പിടികൂടിയിട്ടുണ്ട്.
