ലഹരിക്കേസുകളിലെ കള്ളപ്പണ ഇടപാട്: കൂടുതൽ അന്വേഷണത്തിന് ഇ.ഡി

news image
Sep 4, 2026, 7:24 am GMT+0000 payyolionline.in

കൊച്ചി: ലഹരി കച്ചവടത്തിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കൂടുതൽ കേസുകൾ അന്വേഷിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എത്തുന്നു. പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസിന് പുറമേ കൂടുതൽ കേസുകളുടെ വിവരങ്ങൾ അന്വേഷിക്കാൻ ഇ ഡി ഇന്റലിജൻസ് വിഭാഗം ശേഖരിച്ചു. യൂത്ത് കോൺഗ്രസ് നേതാക്കൾ പ്രതികളായ കാസർഗോഡ് എംഡിഎംഎ കേസിന്റെ വിവരങ്ങൾ അടക്കം ഇ ഡി ശേഖരിച്ചുവെന്നാണ് വിവരം.

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഹരി സംഘങ്ങളെ ട്രാക്ക് ചെയ്യാനും പിടികൂടാനും കഴിഞ്ഞ സാഹചര്യത്തിലാണ് കള്ളപ്പണ ഇടപാടുകൾ അന്വേഷിക്കാൻ ഇ ഡി കൂടി എത്തുന്നത്. പെരുമ്പാവൂരിൽ 28 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവായിരുന്നു പിടികൂടിയത്. കേസിൽ വൈപ്പിൻ സ്വദേശികളായ ദമ്പതികളെയാണ് അറസ്റ്റ് ചെയ്തിരുന്നത്. കേസിന്റെ ഭാഗമായി ഇഡി കോഴിക്കോട് ബാലുശ്ശേരിയിലും എരഞ്ഞിപ്പാലത്തും പരിശോധനകൾ നടത്തിയിരുന്നു. കോഴിക്കോട് എംഡിഎംഎ കേസിലും ഇ ഡി സമാനമായി പരിശോധനകൾ നടത്തിയിരുന്നു. ഇത്തരം കേസുകളിൽ രാജ്യാന്തര തലത്തിലെ കള്ളപ്പണം വെളുപ്പിക്കൽ മാഫിയകൾക്ക് പങ്കുണ്ടോ എന്ന സംശയത്തിലാണ് ഇഡിയുടെ ചടുലമായ നീക്കങ്ങൾ.

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായ കൂടുതൽ കേസുകൾ ഇ ഡിയുടെ റഡാറിൽ വരുന്നുണ്ട്. ഇതിൽ യൂത്ത് കോൺഗ്രസുകാർ ഉൾപ്പെട്ട എംഡിഎംഎ കേസും ഉണ്ടെന്നതാണ് ശ്രദ്ധേയം. പ്രതികളുടെ റിയൽ എസ്റ്റേസ്റ്റ് ബന്ധങ്ങൾ, പണമിടപാടുകൾ, ബിനാമി ഇടപാടുകൾ തുടങ്ങിയവ ഇ ഡി വിശദമായി പരിശോധിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe