മധ്യസ്ഥ ചർച്ച പരാജയപ്പെട്ടു; നാളെ ബാങ്ക് പണിമുടക്ക്: വരുന്നത് നീണ്ട അവധി ദിനങ്ങൾ

news image
Sep 10, 2026, 7:45 am GMT+0000 payyolionline.in

ഡപ്യൂട്ടി ചീഫ് ലേബർ കമ്മിഷണറുടെ മധ്യസ്ഥതയിൽ നടന്ന അനുരഞ്ജന ചർച്ചകൾ പരാജയപ്പെട്ടതോടെ രാജ്യത്തെ ബാങ്ക് ജീവനക്കാർ നാളെ മുതൽ പണിമുടക്കിലേക്ക് നീങ്ങുന്നു. ശനിയും ഞായറും വരുന്ന പ്രതിവാര അവധികൾക്കും ചില സംസ്ഥാനങ്ങളിലെ തിങ്കളാഴ്ചത്തെ വിനായകചതുർഥി അവധിക്കും ഒപ്പം പണിമുടക്ക് കൂടി എത്തുന്നതോടെ തുടർച്ചയായ 3 മുതൽ 4 ദിവസങ്ങളിൽ ബാങ്ക് പ്രവർത്തനങ്ങൾ പൂർണ്ണമായി തടസ്സപ്പെട്ടേക്കാം. അത്യാവശ്യ സാമ്പത്തിക ഇടപാടുകൾ ബാങ്ക് ശാഖകൾ വഴി നടത്താനുള്ള ഉപഭോക്താക്കൾ ഇന്നുതന്നെ പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. അതേസമയം എടിഎം, ഓൺലൈൻ ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ തടസമില്ലാതെ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.

ആഴ്ചയിലെ പ്രവൃത്തിദിനങ്ങൾ 5 ദിവസമായി ചുരുക്കണമെന്ന ബാങ്ക് ജീവനക്കാരുടെ പ്രധാന ആവശ്യത്തിൽ തീരുമാനമാകാത്തതാണ് പണിമുടക്കിലേക്ക് നയിച്ചത്. ബെഫി, എഐബിഇഎ, എഐബിഒസി, എൻസിബിഇ ഉൾപ്പെടെയുള്ള 7 പ്രമുഖ യൂണിയനുകളുടെ സംയുക്ത സംഘടനയായ യുഎഫ്ബിയു (UFEU) ആണ് സമരത്തിന് ആഹ്വാനം നൽകിയിരിക്കുന്നത്. ഈ മാസം 28, 29, 30 തീയതികളിൽ രണ്ടാംഘട്ട പണിമുടക്കും ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്കും സംഘടിപ്പിക്കാൻ ജീവനക്കാർ തീരുമാനിച്ചിട്ടുണ്ട്. രണ്ടാംഘട്ട സമരത്തിന്റെ സമയത്തും നാലാം ശനിയും ഞായറും ഉൾപ്പെടെ തുടർച്ചയായ 5 ദിവസത്തോളം ബാങ്ക് സേവനങ്ങൾ തടസ്സപ്പെടും.

പ്രവൃത്തിദിനം അഞ്ചാക്കി മാറ്റുന്നതിന് 2024 മാർച്ചിൽ തന്നെ ബാങ്ക് മാനേജ്മെന്റുകളുടെ കൂട്ടായ്മയായ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐബിഎ) ധാരണയിലെത്തിയിരുന്നെങ്കിലും കേന്ദ്രസർക്കാരിന്റെ അന്തിമാനുമതി ലഭിക്കാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഒട്ടേറെ കക്ഷികൾ ഉൾപ്പെട്ട വിഷയമായതിനാൽ വിശാലമായ കൂടിയാലോചനകൾ വേണമെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. ജീവനക്കാരെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി പൊതുമേഖലാ ബാങ്കുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ പെർഫോമൻസ് ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) മരവിപ്പിച്ചെങ്കിലും സമരം ഒഴിവാക്കാൻ അത് പര്യാപ്തമായില്ല.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe