വൈദ്യുതി നിയന്ത്രണം ഇനി മുൻകൂട്ടി അറിയാം: ഉപഭോക്താക്കൾക്ക് മെസ്സേജ് അയക്കാൻ കെ.എസ്.ഇ.ബി

news image
Sep 10, 2026, 1:33 pm GMT+0000 payyolionline.in

തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം മുൻകൂട്ടി അറിയിക്കാനുള്ള സംവിധാനം ഏർപ്പെടുത്തി കെഎസ്ഇബി. വൈദ്യുതി നിയന്ത്രണം ഏതുസമയത്ത് എന്ന് മെസ്സേജിലൂടെ അറിയാം. കൺസ്യൂമർ നമ്പറിലെ രജിസ്‌ട്രേഡ് ഫോൺ നമ്പറിലേക്ക് വൈദ്യുതി നിയന്ത്രണം ഉണ്ടാകുന്ന സമയം സന്ദേശമായി വരും. കെഎസ്ഇബിയുടെ ആഭ്യന്തര സോഫ്റ്റ്വെയറിലൂടെ എസ്എംഎസ് സൗകര്യം ഏർപ്പെടുത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. ആദ്യഘട്ടം തിരുവനന്തപുരത്ത്.

നാളെയും മറ്റന്നാളുമായി സംസ്ഥാനത്തുള്ള എല്ലാ ജില്ലകളിലും വൈദ്യുതി നിയന്ത്രണത്തിന്റെ സമയം മുൻകൂട്ടി അറിയിച്ചുള്ള സന്ദേശം ലഭിക്കും. ഇന്ന് വൈകിട്ട് 6: 45നും രാത്രി 12.45നുമിടയിലുള്ള സമയങ്ങളിൽ ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ട്.

അതേസമയം, സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിൽ നട്ടം തിരിയുകയാണ് ജനം. ഈ മാസം അവസാനം വരെ വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി അറിയിച്ചു. പ്രതിസന്ധി പരിഹരിക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നാണ് മന്ത്രി സണ്ണി ജോസഫിന്റെ വാദം. ഈ രീതിയിൽ പ്രതിസന്ധി ഇരട്ടിയാക്കിയത് കഴിഞ്ഞ സർക്കാരിന്റെ നടപടികൾ എന്ന് നേതാക്കൾ വിശദീകരിക്കണമെന്ന് കെപിസിസി ഭാരവാഹി യോഗത്തിൽ ആവശ്യമുയർന്നു. പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര ഇടപെടൽ വേണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. ഒന്നിലേറെ തവണ വൈദ്യുതി നിയന്ത്രണം ഉണ്ടാകുന്നത് ചിലയിടങ്ങളിൽ മാത്രമാണെന്നും മന്ത്രി പ്രതികരിച്ചു.

സർക്കാരിനെ കുറ്റപ്പെടുത്തി മുൻ വൈദ്യുത മന്ത്രി കെ കൃഷ്ണൻകുട്ടി രംഗത്തുവന്നു. ദേശീയ ഗ്രീഡിൽ ഉണ്ടായ 12,000 മെഗാവാട്ടന്റെ കുറവ് ഇതുവരെ പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. പീക്ക് സമയങ്ങളിൽ വൈദ്യുതി ഉപഭോഗം ആയിരം മെഗാവാട്ടിലേക്ക് അടുത്തു. രാത്രികാലങ്ങളിൽ വൈദ്യുതി ഉപയോഗിക്കുന്നതിൽ ആളുകൾ കുറച്ച് നിയന്ത്രണം വരുത്തണമെന്നും സർക്കാർ അഭ്യർഥിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe