പയ്യോളി: വടകര കേന്ദ്രീകരിച്ച് സ്വകാര്യ ബസുകൾ നടത്തിയ മിന്നൽ പണിമുടക്കിൽ വലഞ്ഞ് യാത്രക്കാർ. വടകര-പയ്യോളി-കൊയിലാണ്ടി, വടകര-പയ്യോളി-പേരാമ്പ്ര, വടകര-കോട്ടക്കൽ-പയ്യോളി എന്നീ പ്രധാന റൂട്ടുകളിലെ ബസ് സർവീസുകളാണ് പെട്ടെന്ന് നിർത്തിവെച്ചത്. രാവിലെ പെട്ടെന്നുണ്ടായ പണിമുടക്ക് മൂലം ജോലിസ്ഥലങ്ങളിലേക്കും സ്കൂളുകളിലേക്കും പുറപ്പെട്ട യാത്രക്കാരും വിദ്യാർത്ഥികളും മണിക്കൂറുകളോളം വഴിയിലായി.
വടകര ലിങ്ക് റോഡിൽ നിന്നും സർവീസ് നടത്തിയിരുന്ന മുഴുവൻ ബസുകളും പഴയ ബസ് സ്റ്റാൻഡിലേക്ക് മാറ്റണമെന്ന ട്രാഫിക് പോലീസിന്റെ ഉത്തരവാണ് തർക്കത്തിന് കാരണമായത്. വിഷയത്തിൽ വടകര ഡിവൈ.എസ്.പിയുമായി രാവിലെ 10.30-ഓടെ ചർച്ച നടത്താനും അതുവരെ നിലവിലെ സ്ഥിതി തുടരാനും ധാരണയുണ്ടായിരുന്നതായി ബസ് ജീവനക്കാർ പറയുന്നു. എന്നാൽ രാവിലെ ഏഴു മണിയോടെ ട്രാഫിക് പോലീസെത്തി ബസുകൾ നിർബന്ധപൂർവം പഴയ ബസ് സ്റ്റാൻഡിലേക്ക് മാറ്റാൻ ശ്രമിച്ചതോടെയാണ് ജീവനക്കാർ സർവീസ് നിർത്തിവെച്ച് പ്രതിഷേധിച്ചത്.
പഴയ ബസ് സ്റ്റാൻഡിലേക്ക് ബസുകൾ മാറ്റുന്നതിൽ എതിർപ്പില്ലെന്നും എന്നാൽ മാർക്കറ്റ് റോഡിലെ ഗതാഗതക്കുരുക്കിൽപ്പെട്ട് 20 മുതൽ 30 മിനിറ്റോളം സമയം നഷ്ടപ്പെടുന്നത് പരിഹരിച്ച ശേഷമേ മാറ്റം നടപ്പാക്കാവൂ എന്നുമാണ് തൊഴിലാളികളുടെ ആവശ്യം.
