തിരുവനന്തപുരം: 18 അധ്യാപക തസ്തികകളുടെ കാലാവധി നീട്ടണം എന്ന സർക്കാർ ശുപാർശ പി എസ് സി തള്ളി. തെരഞ്ഞെടുത്ത തസ്തികകളുടെ മാത്രം കാലാവധി നീട്ടുന്നതിൽ നിയമ പ്രശ്നം ഉണ്ടെന്നാണ് പി എസ് സിയുടെ നിലപാട്. അത്തരത്തിൽ റാങ്ക് ലിസ്റ്റ് നീട്ടുന്നത് നേരത്തെ സുപ്രീം കോടതി തള്ളിയതാണെന്നും പി എസ് സി ചൂണ്ടിക്കാട്ടി. സെപ്റ്റംബർ – ഒക്ടോബർ – നവംബർ മാസങ്ങളിൽ കാലാവധി തീരുന്ന 18 തസ്തികകളുടെ കാലാവധി നീട്ടാൻ ആയിരുന്നു സർക്കാർ ശുപാർശ.
അതേസമയം പരീക്ഷ തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിന് പി എസ് സി അംഗങ്ങൾ ക്രൈം ബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകേണ്ടെന്നും പി എസ് സി യോഗത്തിൽ തീരുമാനമുണ്ട്. പി എസ് സി ആസ്ഥാനത്ത് വന്ന് മൊഴിയെടുത്താൽ സഹകരിക്കുമെന്ന് ക്രൈം ബ്രാഞ്ച് ഐ ജിക്ക് കത്ത് നൽകാനും തീരുമാനിച്ചു.ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് എത്തി മൊഴി നൽകാൻ നാല് അംഗങ്ങൾക്കാണ് നോട്ടീസ് നൽകിയത്. ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിൽ കേസെടുത്തുവെങ്കിലും ആരെയും പ്രതി ചേർത്തിട്ടില്ല. വിവര ശേഖരത്തിൻറെ ഭാഗമായാണ് ആദ്യം അംഗങ്ങളെയും പിന്നീട് ചെയർമാൻറെയും മൊഴിയെടുക്കാൻ തീരുമാനിച്ചത്. എന്നാൽ ക്രൈം ബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകേണ്ടിതില്ലെന്നാണ് പി എസ് സിയുടെ തീരുമാനം. മുമ്പ് പി എസ് സി സെക്രട്ടറിയെ നിയമസഭ പെറ്റീഷൻ കമ്മിറ്റി വിളിച്ചു വരുത്താൻ നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചപ്പോൾ ഭരണഘടന സ്ഥാപനമായതിനാൽ ഹാജരാകേണ്ടെന്ന് ഉത്തരവിട്ടിരുന്നു. ഇതടക്കം ചൂണ്ടിക്കാട്ടിയാണ് ക്രൈംബ്രാഞ്ച് നോട്ടീസിനെ പി എസ് സി പ്രതിരോധിക്കുന്നത്. പി എസ് സി അംഗങ്ങളെ കുറ്റക്കാരാണെന്ന് വരുത്താനുള്ള ശ്രമമെന്ന വിമർശനവും ഇന്നത്തെ യോഗത്തിലുണ്ടായി. എന്നാൽ അംഗങ്ങൾക്ക് പ്രത്യേക പരിഗണനയില്ലെന്നാണ് പി എസ് സി നിലപാട്. നിയമോപദേശത്തിന് ശേഷമാകും ക്രൈംബ്രാഞ്ചിൻറെ തുടർ നീക്കങ്ങൾ. അന്വേഷണം നിർണായഘട്ടത്തിലെത്തി നിൽക്കേയാണ് അനിശ്ചിതത്വം ഉടലെടുത്തിരിക്കുന്നത്. മൂല്യനിർണയിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിവേണമെന്ന് ക്രെംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. വിവാദ പരീക്ഷയിലെ രണ്ട് നിയമനങ്ങൾ പുനപരിശോധിക്കണമെന്നും ആവശ്യമുണ്ട്. രണ്ട് കത്തിലും പി എസ് സി നിലപാട് നിർണായകമാണ്.
