കാക്കനാട് യുവതിയെ തീകൊളുത്തിയ സംഭവം;ഭാര്യ അകലുന്നുവെന്ന സംശയത്തിൽ നടത്തിയ ആക്രമണമെന്ന് ഭർത്താവ്

news image
Sep 24, 2026, 11:53 am GMT+0000 payyolionline.in

കാക്കനാട്: ഭാര്യ അകന്ന് പോകാൻ ശ്രമിക്കുന്നുവെന്ന സംശയമാണ് ആക്രമണത്തിന് കാരണമെന്ന് പിടിയിലായ ഭർത്താവ് അനിൽകുമാർ പൊലീസിന് മൊഴി നൽകി. കാക്കനാട് എൻജിഒ ക്വാർട്ടേഴ്സിന് സമീപം അമ്പാടിമൂലയിലെ സ്വകാര്യ ഹോസ്റ്റലിന് മുന്നിൽ ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് അനിൽകുമാർ ഭാര്യ ജയശ്രീ(42)യെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിച്ചത്. ഹോസ്റ്റലിൽ നിന്ന് ജയശ്രീയെ പുറത്തേക്ക് വിളിച്ച് വരുത്തിയ ശേഷമാണ് അനിൽകുമാർ പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. താൻ നിർദേശിച്ച ജോലിക്ക് പോകാതെ തൃശൂർ സ്വദേശിയായ മറ്റൊരു സ്ത്രീക്കൊപ്പം ജോലി തേടി പോകാൻ ജയശ്രീ തീരുമാനിച്ചതാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് അനിൽകുമാർ പൊലീസിന് നൽകിയ മൊഴി. ആലപ്പുഴ ചാത്തനാട് സ്വദേശിനിയായ ജയശ്രീയും അടൂർ സ്വദേശിയായ അനിൽകുമാറും നേരത്തെ വിവാഹിതരായിരുന്നു.

ഇരുവർക്കും ആദ്യ വിവാഹങ്ങളിൽ മക്കളുണ്ട്. ആദ്യ ഭാര്യയുമായുള്ള ബന്ധം നിയമപരമായി അവസാനിപ്പിച്ചതായാണ് അനിൽകുമാർ വ്യക്തമാക്കിയിരിക്കുന്നത്. ഭർത്താവിന്റെ മരണശേഷമാണ് ജയശ്രീ അനിൽകുമാറുമായി പരിചയത്തിലായതെന്നും പിന്നീട് ഇരുവരും ഒരുമിച്ച് താമസിക്കാൻ തുടങ്ങിയതെന്നുമാണ് വിവരം. ക്ഷേത്രത്തിൽ വച്ച് വിവാഹച്ചടങ്ങ് നടത്തിയിരുന്നെങ്കിലും അത് ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിരുന്നില്ല. കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ പാർക്കിങ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന അനിൽകുമാറും ജയശ്രീയും നേരത്തെ ഒരുമിച്ചാണ് വാടക വീട്ടിൽ താമസിച്ചിരുന്നത്. ഇരുവരും തമ്മിലുണ്ടായ തർക്കങ്ങളെ തുടർന്നാണ് ജയശ്രീ ഹോസ്റ്റലിലേക്ക് മാറിയതെന്നാണ് സൂചന. ആക്രമണത്തിന് തൊട്ടുമുമ്പുള്ള ദിവസവും അനിൽകുമാർ ജയശ്രീക്ക് ഭക്ഷണം വാങ്ങി നൽകിയിരുന്നതായി സഹപ്രവർത്തകർ പറയുന്നു.

സംഭവത്തിന് പിന്നാലെ അനിൽകുമാറിനെ തൃക്കാക്കര പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഗുരുതരമായി പൊള്ളലേറ്റ ജയശ്രീയെ ആദ്യം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവ സ്ഥലത്ത് എത്തിയ ഫൊറൻസിക് സംഘം തെളിവുകൾ ശേഖരിച്ചു. അനിൽകുമാറിനെ റിമാൻഡ് ചെയ്തു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe