സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ: മിനിമം ചാർജ് 15 രൂപയാക്കണം, വിദ്യാർഥി നിരക്ക് കൂട്ടണം; സമരത്തിനൊരുങ്ങി സ്വകാര്യ ബസ് ഉടമകൾ

news image
Sep 24, 2026, 12:24 pm GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യവുമായി ബസ് ഉടമാ സംഘടനകൾ ഗതാഗത മന്ത്രിക്ക് നിവേദനം നൽകി. മിനിമം ബസ് ചാർജ് 15 രൂപയാക്കി ഉയർത്തണമെന്നും വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് നിലവിലെ ചാർജിന്റെ 50 ശതമാനമാക്കണമെന്നുമാണ് പ്രധാന ആവശ്യം. ആവശ്യങ്ങൾ അടിയന്തരമായി അംഗീകരിച്ചില്ലെങ്കിൽ സംസ്ഥാനവ്യാപകമായി സർവീസുകൾ നിർത്തിവെച്ച് ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നും മുന്നറിയിപ്പുണ്ട്.

നിലവിലെ മിനിമം നിരക്കായ 12 രൂപയിൽ നിന്ന് 15 രൂപയായി വർധിപ്പിക്കണം. വിദ്യാർഥികളുടെ യാത്രാനിരക്ക് നിലവിലെ ചാർജിന്റെ 50 ശതമാനമായി (കുറഞ്ഞത് 5 രൂപ മുതൽ) ക്രമീകരിക്കണം. രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കണമെന്നുമാണ് ബസ് ഉടമകളുടെ ആവശ്യം.

കഴിഞ്ഞ നാലര വർഷമായി ബസ് നിരക്ക് വർധിപ്പിച്ചിട്ടില്ലെന്നും ഈ കാലയളവിൽ ഡീസൽ വിലയിൽ മാത്രം 13 രൂപയുടെ വർധനവുണ്ടായെന്നും ബസ് ഉടമകൾ ചൂണ്ടിക്കാണിക്കുന്നു. പ്രിയദർശിനി പദ്ധതി ഉൾപ്പെടെയുള്ള മാറ്റങ്ങൾ കാരണം സ്വകാര്യ ബസ് മേഖല വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും നിരക്ക് വർധനവില്ലാതെ മുന്നോട്ടുപോകാൻ കഴിയില്ലെന്നും കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe