​കീഴൂരിൽ ജനവാസ മേഖലയിലെ പെട്രോൾ പമ്പിനെതിരെ പ്രതിഷേധം; സെപ്റ്റംബർ 27-ന് ജനകീയ ധർണ്ണ

news image
Sep 25, 2026, 4:19 pm GMT+0000 payyolionline.in

കീഴൂർ: ജനവാസ മേഖലയ്ക്ക് ഭീഷണിയാകുന്ന വിധത്തിൽ അനധികൃതമായി പെട്രോൾ പമ്പ് ആരംഭിക്കാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികൾ ശക്തമായ പ്രതിഷേധത്തിലേക്ക്. സെപ്റ്റംബർ 27 ഞായറാഴ്ച രാവിലെ 10 മണിക്ക് വില്ലേജ് ഓഫീസിന് സമീപം ജനകീയ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കും. ധർണ്ണ നഗരസഭാ ചെയർപേഴ്സൺ എൻ. സാഹിറ ഉദ്ഘാടനം ചെയ്യും.

എൽ.കെ.ജി മുതൽ എട്ടാം ക്ലാസ് വരെ നൂറുകണക്കിന് പിഞ്ചുകുട്ടികൾ പഠിക്കുന്ന മദ്രസ, സമീപത്തുള്ള ശിശുമന്ദിരം, വെറും ഒന്നര മീറ്റർ മാത്രം അകലെയുള്ള എയ്സ് ഹോസ്പിറ്റലിന്റെ (ACE Hospital) കാഷ്വാലിറ്റിയും നെബുലൈസേഷൻ യൂണിറ്റും, ഒപ്പം 3.3 മീറ്റർ മാത്രം അകലത്തിലുള്ള ജനവാസ കേന്ദ്രങ്ങൾ എന്നിവയ്ക്ക് ഭീഷണിയായാണ് പമ്പ് നിർമ്മാണവുമായി ഉടമ മുന്നോട്ട് പോകുന്നത്. നിർമ്മാണം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭയിലും കളക്ടറേറ്റിലും നാട്ടുകാർ നൽകിയ പരാതികൾ അധികൃതർ പൂർണ്ണമായി അവഗണിച്ചതായും ആരോപണമുണ്ട്. ജനങ്ങളുടെ ആരോഗ്യത്തിനും കുട്ടികളുടെ സുരക്ഷയ്ക്കും വലിയ ഭീഷണി ഉയർത്തുന്ന ഈ ജനവിരുദ്ധ നിലപാടിനെതിരെ കീഴൂർ പെട്രോൾ പമ്പ് വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ പ്രദേശവാസികൾ ഒന്നടങ്കം രംഗത്തിറങ്ങിയിരിക്കുകയാണ്. നാടിന്റെയും വരുംതലമുറയുടെയും ഭാവി മുൻനിർത്തി സംഘടിപ്പിക്കുന്ന സമാധാനപരമായ ഈ ബഹുജന സമരത്തിൽ മുഴുവൻ നാട്ടുകാരും പങ്കാളികളാകണമെന്ന് ജനകീയ സമിതി അഭ്യർത്ഥിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe