കോടിക്കൽ സ്‌കൂൾ തീരദേശത്തിന്റെ അറിവിന്റെ വിളക്കുമാടം: അഡ്വ. കെ. പ്രവീൺ കുമാർ എം.എൽ.എ

news image
Sep 26, 2026, 12:12 pm GMT+0000 payyolionline.in

നന്തിബസാർ: വന്മുഖം കോടിക്കൽ എ.എം.യു.പി സ്‌കൂൾ തീരദേശ മേഖലയിലെ വിദ്യാഭ്യാസ മുന്നേറ്റത്തിന് വലിയ സംഭാവന നൽകിയ വിദ്യാലയമാണെന്നും പ്രദേശത്തിന്റെ അറിവിന്റെ വിളക്കുമാടമാണെന്നും അഡ്വ. കെ. പ്രവീൺ കുമാർ എം.എൽ.എ പ്രസ്താവിച്ചു. സ്‌കൂൾ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന സമഗ്ര വിദ്യാലയ ശാക്തീകരണ പദ്ധതിയുടെ ഉദ്ഘാടനവും പ്രൊജക്‌ട് ലോഞ്ചിംഗും നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നൂറാം വാർഷികത്തിന്റെ ഭാഗമായി പുതിയ കാലത്തിനനുസരിച്ച് ഓഫീസ്, ലൈബ്രറി, കോൺഫറൻസ് ഹാൾ, ഓഡിറ്റോറിയം, സ്മാർട്ട് ക്ലാസ് റൂമുകൾ, ഗ്രൗണ്ട് എന്നിവയെല്ലാം ആധുനിക രീതിയിൽ നവീകരിക്കുകയാണ്. മാനേജ്‌മെന്റ്, പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ, സുമനസ്സുകൾ എന്നിവരുടെ സഹകരണത്തോടെയാണ് ശാക്തീകരണ പദ്ധതി നടപ്പിലാക്കുന്നത്. ഇതിനൊപ്പം പുതിയ അക്കാദമിക് പദ്ധതികൾക്കും തുടക്കമായി. ചടങ്ങിൽ രക്ഷിതാക്കൾക്കുള്ള ‘ഉണർവ്’ പരിശീലന പരിപാടിയുടെ പ്രഖ്യാപനവും ‘ഓപ്പറേഷൻ തൂഫാൻ’ ഐക്യദാർഢ്യ പ്രതിജ്ഞയും നടന്നു.

പി.ടി.എ പ്രസിഡന്റ് എഫ്.എം. നസീർ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊയിലാണ്ടി സി.ഐ രഞ്ജിത്ത് മുഖ്യാതിഥിയായി. ബ്ലോക്ക് മെമ്പർ പി.കെ. മുഹമ്മദലി, മാനേജർ പി. ബഷീർ, മന്നത്ത് മജീദ്, പി.പി. കുഞ്ഞഹമ്മദ്, ജമാൽ ഗുരിക്കൾ, പി.വി. അസീസ്, സജിന പിരിശത്തിൽ, കെ.പി. ഷക്കീല എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ ഫൈസൽ എരണോത്ത് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സഹീറ ടീച്ചർ നന്ദിയും പറഞ്ഞു. തുടർന്ന് ബിനീഷ് മണിയൂർ അവതരിപ്പിച്ച നാടൻപാട്ടും അരങ്ങേറി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe