അതിർത്തി തർക്കം: കോഴിക്കോട്ട് അയൽവാസിയായ സ്ത്രീക്കുനേരെ യുവാവ് വെടിയുതിർത്തു; പ്രതി പോലീസിന്റെ പിടിയിൽ

news image
Oct 4, 2026, 11:48 am GMT+0000 payyolionline.in

കോഴിക്കോട്: വെള്ളയിലിൽ അതിർത്തി തർക്കത്തെ തുടർന്ന് അയൽവാസിയായ സ്ത്രീക്കുനേരെ എയർപിസ്റ്റൾ ഉപയോഗിച്ച് യുവാവ് വെടിയുതിർത്തു. ഞായറാഴ്ച്ച രാവിലെ വെള്ളയിൽ ബിജി റോഡിന് സമീപമാണ് സംഭവം. ആക്രമണത്തിൽ ചെട്ടിത്തോപ്പ് പറമ്പ് സ്വദേശിനി പുഷ്പലതയ്ക്ക് (59) പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് വെള്ളയിൽ സ്വദേശി ഷിംജിത്തിനെ (40) പോലീസ് കസ്റ്റഡിയിലെടുത്തു.

വയറിന് വെടിയേറ്റ പുഷ്പലതയെ ആദ്യം കോഴിക്കോട് ബീച്ച് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

തന്റെ പുരയിടത്തിന്റെ അതിർത്തിയോട് ചേർന്ന് ഷിംജിത്ത് വൃത്തിഹീനമായ രീതിയിൽ കുതിരലായം കെട്ടി രണ്ട് കുതിരകളെ വളർത്തിയിരുന്നതായി പരാതിയുണ്ട്. ഇതിനെച്ചൊല്ലി പുഷ്പലതയും ഷിംജിത്തുമായി ഞായറാഴ്ച രാവിലെ വാക്കുതർക്കമുണ്ടാകുകയും തുടർന്ന് ഷിംജിത്ത് കൈവശമുണ്ടായിരുന്ന എയർപിസ്റ്റളെടുത്ത് വെടിയുതിർക്കുകയുമായിരുന്നു.

പ്രതി മറ്റ് അയൽവാസികളുമായും നിരന്തരം തർക്കത്തിലേർപ്പെടാറുള്ളയാളാണെന്ന് നാട്ടുകാർ പറയുന്നു. ഷിംജിത്തിന് എയർപിസ്റ്റൾ എവിടെനിന്ന് ലഭിച്ചെന്ന കാര്യത്തിൽ അന്വേഷണം ആരംഭിച്ചതായി വെള്ളയിൽ പോലീസ് അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe