പാലക്കാട്: കഞ്ചിക്കോട് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ അതിഥി തൊഴിലാളികളുടെ മക്കളോട് അധ്യാപിക വിവേചനപരമായി പെരുമാറിയതിനെ തുടർന്ന് വിദ്യാർഥികൾ പഠനം ഉപേക്ഷിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ ഇടപടുന്നു. വിഷയത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥികളായ ചന്ദൻ കുമാർ, കുന്ദൻ കുമാർ എന്നീ ഇരട്ട സഹോദരങ്ങളാണ് അധ്യാപികയുടെ അപമാനകരമായ പെരുമാറ്റത്തെ തുടർന്ന് പഠനം നിർത്തിയത്.
ഈ അധ്യയനവർഷം സ്കൂളിൽ പ്രവേശനം നേടിയ കുട്ടികളെ മറ്റ് വിദ്യാർഥികളുടെ മുന്നിൽ വെച്ച് അധ്യാപിക അധിക്ഷേപിക്കുകയും ക്ലാസിൽ നിന്ന് പുറത്താക്കുകയും ചെയ്തതായി കുട്ടികളുടെ അമ്മ ചോട്ടു മഞ്ചി ആരോപിച്ചു. ഇതര സംസ്ഥാനക്കാരായ കുട്ടികളെ സ്കൂളിൽ പഠിപ്പിക്കില്ലെന്ന് അധ്യാപിക പറഞ്ഞതായും, ഈ സംഭവം കുട്ടികളെ മാനസികമായി തളർത്തിയെന്നും പരാതിയിൽ പറയുന്നു.
