എസ്‌ബി‌ഐയിൽ ഡാറ്റ ചോർച്ച: ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഡാർക്ക് വെബ്ബിൽ

news image
Oct 21, 2026, 1:03 pm GMT+0000 payyolionline.in

ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നതായി ബാങ്ക് സ്ഥിരീകരിച്ചു. 3,897 പേരുടെ ഫോൺ നമ്പറുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ചോർന്നതായും, ഏകദേശം 3,75,000 രേഖകൾ ഡാർക്ക് വെബ്സൈറ്റിൽ എത്തിയതായും കണ്ടെത്തിയിട്ടുണ്ട്. സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ സമർപ്പിച്ച ഫയലിംഗിലാണ് എസ്ബിഐ ഇക്കാര്യം വ്യക്തമാക്കിയത്.

​ചോർന്ന വിവരങ്ങളിൽ ഉപഭോക്താക്കളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകൾ, ജനനത്തീയതി, പേരുകൾ, ലിംഗഭേദം, ഇ-മെയിൽ വിലാസം, തപാൽ വിലാസം എന്നിവ ഉൾപ്പെടുന്നു. ഒക്ടോബർ 16-നാണ് ഉപഭോക്തൃ ഡാറ്റ ചോർന്നതായി സംശയിക്കുന്നതായി ത്രെറ്റ് ഇന്റലിജൻസ് സർവീസ് പ്രൊവൈഡർ, ഡിഫൻസ് സൈബർ ഏജൻസി, ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (CERT-In) എന്നിവയിൽ നിന്ന് ബാങ്കിന് മുന്നറിയിപ്പ് ലഭിച്ചത്.

​ഡാറ്റ ചോർച്ചയെക്കുറിച്ച് വിശദമായി പരിശോധിക്കുന്നതിനായി സ്വതന്ത്ര സൈബർ സുരക്ഷാ ഏജൻസിയായ സൈബർപൾസിയെ ചുമതലപ്പെടുത്തിയതായി എസ്‌ബി‌ഐ അറിയിച്ചു. ചോർന്ന വിവരങ്ങൾ ഉപയോഗിച്ച് ഉപഭോക്താക്കളുടെ പേരിൽ സാമ്പത്തിക തട്ടിപ്പുകൾ നടത്താനും വ്യാജ വായ്പാ അപേക്ഷകൾ നൽകാനും സാധ്യതയുണ്ടെന്ന് സൈബർപൾസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിനാൽ ഉപഭോക്താക്കൾ വ്യാജ സന്ദേശങ്ങളിലും ഫോൺ കോളുകളിലും ജാഗ്രത പാലിക്കേണ്ടതുണ്ട്.

​അതേസമയം, ഈ സംഭവം ബാങ്കിന്റെ പ്രധാന പ്രവർത്തനങ്ങളെയോ ബിസിനസ് ഇടപാടുകളെയോ സാരമായി ബാധിച്ചിട്ടില്ലെന്നും എല്ലാ ബാങ്കിംഗ് സേവനങ്ങളും തടസ്സങ്ങളില്ലാതെ സാധാരണഗതിയിൽ നടക്കുമെന്നും എസ്‌ബി‌ഐ വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe