കേരള സ്കൂൾ കായിക മേളയിലെ പ്രായത്തട്ടിപ്പ്: വിദ്യാർഥിയെ അയോഗ്യനാക്കി, വിശദീകരണവുമായി സ്കൂൾ‌

news image
Oct 29, 2026, 1:38 am GMT+0000 payyolionline.in

കോഴിക്കോട്: കേരളാ സ്കൂൾ കായികമേളയിലെ പ്രായത്തട്ടിപ്പ് നടത്തിയ സംഭവത്തിൽ നടപടി. വിദ്യാർഥിയെ അയോ​ഗ്യനാക്കി. യുപി സ്വദേശിയായ വിദ്യാർഥിയെയാണ് അയോഗ്യനാക്കിയത്. സബ്ജൂനിയർ വിഭാഗത്തിൽ മത്സരിച്ച കോട്ടയം കോരുത്തോട് സ്കൂളിലെ യുപി സ്വദേശിയായ വിദ്യാർഥി പ്രായം മറച്ചുവച്ചാണ് മത്സരത്തിന് ഇറങ്ങിയതെന്ന് എല്ല് പരിശോധനയിൽ കണ്ടെത്തിയിരുന്നു. വെള്ളി നേടിയ ഇടുക്കിയുടെ സോബിൻ കെ സെബാസ്റ്റ്യൻ പുതിയ ജേതാവായി പ്രഖ്യാപിച്ചു. 400 മീറ്റർ സബ്ജൂനിയർ വിഭാഗത്തിലാണ് പുതിയ ജേതാവിനെ നിശ്ചയിച്ചത്.

എന്നാൽ, ഔദ്യോഗിക പരിശോധനാ ഫലം എതിരാണെങ്കിൽ കോടതിയിൽ പോയി തെളിയിക്കും എന്നാണ് കോരുത്തോട് സ്കൂളിന്റെ വിശദീകരണം. ജനന സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ കൈവശമുണ്ട്. പരിശോധനാ ഫലം ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി. 15 മുതൽ 18 വയസ്സ് വരെ പ്രായമുണ്ടെന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്.

സബ് ജൂനിയർ വിഭാഗത്തിൽ 14 വയസിൽ താഴെയുള്ള കുട്ടികൾക്കാണ് മത്സരിക്കാൻ കഴിയുക. അതേസമയം, പരിശോധനയിൽ കൃത്രിമം കണ്ടെത്തിയതിൽ സന്തോഷം ഉണ്ടെന്ന് പരാതിക്കാരിയായ കായികാധ്യാപിക ഷിബി പറഞ്ഞു. പ്രായം മറച്ചുവെച്ച് മത്സരിച്ച വിദ്യാർഥി 400 മീറ്ററിൽ സ്വർണം നേടിയിരുന്നു. 100 മീറ്റർ ഹിറ്റ്സിലും മത്സരിച്ചു. പ്രായത്തട്ടിപ്പ് നടത്തിയ വിദ്യാർത്ഥിയെ 100 മീറ്റർ ഫൈനലിലും മത്സരിപ്പിക്കില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe