‘മാനം മഹാത്ഭുതം’ ശാസ്ത്ര ബാലോത്സവത്തിന് അയനിക്കാട് തുടക്കമായി

news image
Oct 31, 2026, 3:03 pm GMT+0000 payyolionline.in

അയനിക്കാട്: ‘കൊടക്കാടോർമ്മ ’26’ നോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘മാനം മഹാത്ഭുതം’ ശാസ്ത്ര ബാലോത്സവം അയനിക്കാട് അയ്യപ്പൻകാവ് യു.പി. സ്‌കൂളിൽ ആരംഭിച്ചു. രാവിലെ 9.30 ന് പ്രൊഫ. കെ. പാപ്പൂട്ടി മാസ്റ്റർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കെ.കെ. രാജൻ അധ്യക്ഷത വഹിച്ചു. അയനിക്കാട്, പയ്യോളി പ്രദേശങ്ങളിലെ 6, 7, 8, 9 ക്ലാസ്സുകളിൽ നിന്നുള്ള 80-ലധികം വിദ്യാർത്ഥികളാണ് രണ്ടുദിവസത്തെ ക്യാമ്പിൽ പങ്കെടുക്കുന്നത്.

നിഴലിന്റെ അടിസ്ഥാനത്തിൽ ‘ട്രൂ നോർത്ത്’ കണ്ടെത്തൽ, പ്രാദേശിക നട്ടുച്ച നേരമളക്കൽ, സൗരകളങ്കങ്ങളുടെ ടെലിസ്കോപ്പിക് നിരീക്ഷണം, സൂര്യന്റെ അയനചലന നിരീക്ഷണം, സൗരദർശിനി നിർമ്മാണം, സൗരയൂഥ മാതൃകാ നിർമ്മാണം, ജ്യോതിഷവും ജ്യോതിശാസ്ത്രവും തമ്മിലുള്ള സംവാദം, ഡോബ്‌സോണിയൻ ടെലസ്കോപ്പ് ഉപയോഗിച്ചുള്ള നക്ഷത്ര നിരീക്ഷണം എന്നിവ ക്യാമ്പിന്റെ ആദ്യദിനത്തിൽ നടന്നു.

നവംബർ 1 ഞായറാഴ്ച രാവിലെ പ്രപഞ്ചത്തിന്റെ വലിപ്പം, ഭൂമിയുടെ പരിക്രമണത്തിലെ കൗതുകങ്ങൾ, ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾ, വിവിധതരം ടെലസ്കോപ്പുകളെ പരിചയപ്പെടൽ തുടങ്ങിയ വിഷയങ്ങളിൽ ക്ലാസ്സുകൾ നടക്കും.

മലപ്പുറം അമേച്ച്വർ ആസ്ട്രോണമേഴ്‌സ് സൊസൈറ്റി (മാർസ്) ഫാക്കൽറ്റി അംഗങ്ങളായ സുധീർ ആലങ്കോട്, എ. അനന്തമൂർത്തി, സുരേഷ് വിളയിൽ, നാസർ മുക്കം, സുരേഷ് ബാബു മോന്താൽ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം പുരോഗമിക്കുന്നത്. ക്യാമ്പ് നവംബർ ഒന്നിന് വൈകീട്ട് 4 മണിയ്ക്ക് സമാപിക്കുമെന്ന് സംഘാടക സമിതി കൺവീനർ സുരേഷ് കുമാർ എം.സി അറിയിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe