കൊച്ചി: മട്ടാഞ്ചേരിയില്‍ അപകടകരമായി കാര്‍ ഓടിച്ച യുവാക്കളെ പിടികൂടിയ സംഭവത്തില്‍ കാര്‍ ഉടമയുടെ പരാതിയില്‍ 10 പേര്‍ക്കെതിരെ കേസ്. സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതിനും, തടഞ്ഞു വച്ചതിനും, കാറിന് നാശനഷ്ടം വരുത്തിയതിനുമാണ് കേസ്. മഞ്ഞുമ്മല്‍ സ്വദേശി ഡാള്ട്ടന് ജോസഫിന്റെ പരാതിയിലാണ് കണ്ടാല്‍ തിരിച്ചറിയുന്ന 10 പേര്‍ക്കെതിരെ മട്ടാഞ്ചേരി പോലീസ് കേസ് എടുത്തത്.
കഴിഞ്ഞദിവസം രാത്രിയാണ് മദ്യലഹരിയില്‍ കാറോടിച്ച് പരിഭ്രാന്തി പരത്തുകയും നിരവധി വാഹനങ്ങളില്‍ ഇടിക്കുകയും ചെയ്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ട് വാഹനം തടഞ്ഞു നിര്‍ത്തിയത്. ലക്ഷങ്ങളുടെ നഷ്ടം കാറിനു വന്നിട്ടുണ്ടെന്നാണ് പരാതിക്കാരന്റെ ആരോപണം.
യുവാവിന്റെ വാഹനം മറ്റ് ഏഴ് വാഹനങ്ങളിലാണ് ഇടിച്ചത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിരുന്നു. നാട്ടുകാര്‍ തന്നെയാണ് യുവാവിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. യുവാവ് അമിത വേഗതയിലാണ് വാഹനമോടിച്ചത് എന്ന് തെളിയിക്കുന്ന ദൃശ്യങ്ങളായിരുന്നു പുറത്തുവന്നത്.
