ബാങ്കിൽനിന്ന് പണമെടുത്ത യുവാവിനെ ആക്രമിച്ച് 9.95 ലക്ഷം കവർന്ന കേസ്, അഞ്ചുപേർ കൂടി അറസ്റ്റിൽ

news image
Nov 22, 2026, 11:00 am GMT+0000 payyolionline.in

മലപ്പുറം: ബാങ്കിൽനിന്ന് പണം പിൻവലിച്ച് പുറത്തിറങ്ങിയ യുവാവിനെ പട്ടാപ്പകൽ ആക്രമിച്ച് 9.95 ലക്ഷം രൂപ കവർന്ന കേസിൽ അഞ്ചുപേർ കൂടി അറസ്റ്റിലായി. നാട്ടുകല്ല് കൊടക്കാട് സ്വദേശികളായ സനൂപ് (33), കാലടി അസൈനാർ (33), ഭീമനാട് സ്വദേശി ചക്കാലക്കുന്നൻ അനസ് (39), മണ്ണാർക്കാട് കുന്തിപ്പുഴ സ്വദേശികളായ കേലാൻതൊടി മുഹമ്മദ് റഫീഖ് (38), തവളപ്പാറ മുഹമ്മദ് മുസമ്മിൽ (26) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം പാണ്ടിക്കാട്ടുനിന്ന് പിടികൂടിയത്. നവംബർ 16ന് രാവിലെ 11.45ഓടെയാണ് കേസിനാസ്പദമായ സംഭവം. നിലമ്പൂർ ജില്ലാ ആശുപത്രി റോഡിലെ ബാങ്ക് ഓഫ് ബറോഡയിൽനിന്ന് പണം പിൻവലിച്ച് പുറത്തിറങ്ങിയ അമരമ്പലം സൗത്ത് കിഴക്കേ പാലാമഠം സ്വദേശി കൂമ്മാളി ഫിറോസിനെയാണ് സംഘം ആക്രമിച്ച് പണം കവർന്നത്. ബാങ്കിന് പുറത്ത് കാത്തുനിന്ന പ്രതികൾ ഫിറോസിനെ ആക്രമിച്ച് പണമടങ്ങിയ പൊതി കൈക്കലാക്കിയ ശേഷം കാറിൽ രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിൽ ഫിറോസിൻറെ കൈയ്ക്ക് പരിക്കേറ്റിരുന്നു.

ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം നിലമ്പൂർ ഡിവൈ.എസ്.പി കെ. റഫീക്കിൻറെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചാണ് അന്വേഷണം ആരംഭിച്ചത്. സംഭവദിവസം രാത്രിതന്നെ സംഘത്തിലുണ്ടായിരുന്ന കൊടക്കാട് 55-ാം മൈൽ സ്വദേശി പനങ്ങാട്ടുതൊടി മുഹമ്മദ് ഷാഫി (23) അറസ്റ്റിലായിരുന്നു. ഇതോടെ മറ്റ് പ്രതികൾ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങളും പ്രതികളുടെ വീടുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നിർണായക വിവരം ലഭിച്ചത്. പ്രതികൾ സഞ്ചരിച്ച കാർ മേലാറ്റൂർ ഭാഗത്തുനിന്ന് പാണ്ടിക്കാട് ഭാഗത്തേക്ക് വരുന്നതായി രഹസ്യവിവരം ലഭിച്ചതോടെ പൊലീസ് വഴിയിൽ കാത്തുനിന്ന് വാഹനം തടയുകയായിരുന്നു. തുടർന്നാണ് അഞ്ചുപേരെയും പിടികൂടിയത്. നിലമ്പൂർ ഇൻസ്‌പെക്ടർ എൻ.ബി. ഷൈജുവിൻറെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe