തൃശൂർ മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്ച: കാണാതായ 77-കാരനെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് 36 മണിക്കൂറിന് ശേഷം

news image
Nov 25, 2026, 5:38 am GMT+0000 payyolionline.in

തൃശൂർ: തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ മെഡിസിൻ വാർഡിനോട് ചേർന്നുള്ള ശുചിമുറിയിൽ ചികിത്സയിലിരുന്ന രോഗി മരിച്ചു കിടന്നത് 36 മണിക്കൂറോളം. ഈ മാസം 16ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മാക്കുട്ടി റാവുത്തർ (77) ആണ് മരിച്ചത്. ശനിയാഴ്ച നടത്തിയ തെരച്ചിലിലാണ് ഇയാളെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച മുതലാണ് മാക്കുട്ടി റാവുത്തറെ വാർഡിൽ നിന്ന് കാണാതായത്. രോഗിയെ കാണാനില്ലെന്ന് വ്യക്തമായതോടെ മെഡിക്കൽ കോളേജ് അധികൃതർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ശനിയാഴ്ച നടത്തിയ പരിശോധനയിലാണ് മെഡിസിൻ വാർഡിലെ ശുചിമുറിയിൽ മൃതദേഹം കണ്ടെത്തിയത്.

അജ്ഞാത രോഗിയായാണ് ഇയാളെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്നത്. മരിച്ചയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്നും ഇയാൾക്ക് കൂട്ടിരിപ്പുകാർ (ബൈസ്റ്റാൻഡർ) ഉണ്ടായിരുന്നില്ലെന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു. അതേസമയം, മൃതദേഹം കണ്ടെത്തുന്നതിന് തലേദിവസവും പ്രസ്തുത ശുചിമുറി വൃത്തിയാക്കിയിരുന്നു എന്നാണ് മെഡിക്കൽ കോളേജ് സൂപ്രണ്ടിൻറെ വിശദീകരണം.

പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് രോഗി മരിച്ചിട്ട് 36 മണിക്കൂറോളം ആയെന്നാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഒന്നര ദിവസത്തോളം ശുചിമുറി വൃത്തിയാക്കിയില്ലേ എന്നാണ് ചോദ്യം ഉയർന്നിട്ടുള്ളത്. 20ന് ശുചിമുറി വൃത്തിയാക്കി എന്ന ന്യായീകരണമാണ് സൂപ്രണ്ട് ഡോ. ലിജോ പറയുന്നത്. എല്ലാ ദിവസവും ശുചിമുറി വൃത്തിയാക്കുന്നുണ്ടെന്നും ഡോക്ടർ വിശദീകരിച്ചു. സിസിടിവികൾ പരിശോധിച്ച് രോഗി എങ്ങോട്ട് പോയെന്ന് കണ്ടെത്താൻ ശ്രമിച്ചു. 19ന് രോഗിയെ കാണാതായി 21ന് രോഗിയെ മരിച്ച നിലയിൽ കണ്ടെത്തുന്ന വരെ ശുചിമുറി വൃത്തിയാക്കിയില്ലേ എന്ന് ജീവനക്കാരോട് ചോദിച്ചിരുന്നു. എന്നാൽ, വൃത്തിയാക്കി എന്നാണ് മറുപടി ലഭിച്ചതെന്നും സൂപ്രണ്ട് പറഞ്ഞു. തൃശൂർ മെഡിക്കൽ കോളേജിലെ ശുചിമുറികളുടെ ശോചനീയാവസ്ഥയെ കുറിച്ച് നിരവധി പരാതികൾ ഉയർന്നിരുന്നു. ഈ പരാതികൾ പരിഹരിക്കാൻ എല്ലാ നടപടികളും സ്വീകരിച്ചിരുന്നുവെന്നുമാണ് ഡോ. ലിജോയുടെ വിശദീകരണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe