വടകര: ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളിൽ ഇടനിലക്കാരായി പ്രവർത്തിച്ച് പണം കൈമാറ്റം ചെയ്യുന്ന ബാങ്ക് അക്കൗണ്ട് ഉടമകളെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി പൊലീസ്. ഓപറേഷൻ സൈ ഹണ്ട് എന്ന പ്രത്യേക ദൗത്യത്തിന്റെ ഭാഗമായി റൂറൽ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധിയിൽ 14 പേർ അറസ്റ്റിലായി. 66 വീടുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തി. 26 കേസുകൾ രജിസ്റ്റർ ചെയ്തു. ഏഴുപേർക്ക് നോട്ടീസ് നൽകി. വടകരയിൽ രണ്ടു കേസുകളിലായി സ്ത്രീകളടക്കം മൂന്ന് പേർക്ക് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകി.
വില്യാപ്പള്ളി മനക്കൽ താഴകുനി ബാബു (53), വടകര കരിമ്പനപ്പാലം കയ്യിൽ മൂലയിൽ പ്രസീല (40), കരിമ്പനപ്പാലം കയ്യിൽ ദീപ്തം ഹൗസിൽ സിന്ധു (45) എന്നിവർക്കാണ് ഹാജരാകാൻ നോട്ടീസ് നൽകിയത്. താമരശേരി, കൊടുവള്ളി, മുക്കം, ബാലുശേരി, വടകര തുടങ്ങിയ സ്റ്റേഷൻ പരിധിയിലാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ ഭാഗമാവുകയും പിന്നീട് വിദേശത്തേക്ക് കടന്നുകളയുകയും ചെയ്ത കുറ്റവാളികളെ അറസ്റ്റുചെയ്യുന്നതിനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്.
കസ്റ്റഡിയിലെടുത്തവർ കമീഷൻ അടിസ്ഥാനത്തിൽ അവരുടെ ബാങ്ക് അക്കൗണ്ടുകൾ വാടകക്ക് നൽകുകയും തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ചെക്ക് വഴിയും ഓൺലൈൻ ഇടപാടുകളിലൂടെയും പിൻവലിക്കുകയുമാണ് ചെയ്തത്. പിന്നീട് ക്രിപ്റ്റോകറൻസി അടക്കമുള്ള അന്താരാഷ്ട്ര ഡിജിറ്റൽ മാർഗങ്ങളിലൂടെ വിദേശ ക്രിമിനൽ സംഘങ്ങൾക്ക് കൈമാറുന്നതായും അന്വേഷണത്തിൽ വ്യക്തമായി.
വിദ്യാർഥികളേയും യുവാക്കളെയും ലക്ഷ്യമിടുന്ന തട്ടിപ്പ് സംഘങ്ങൾ അവരുടെ ബാങ്ക് അക്കൗണ്ടുകൾ കരസ്ഥമാക്കുന്നതായും ഓൺലൈൻ തട്ടിപ്പുകൾക്കായി ഉപയോഗിക്കുന്നതായും വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഓപ്പറേഷൻ സൈഹണ്ടിന്റെ ഭാഗമായി, തട്ടിപ്പിനായി ഉപയോഗിച്ച അക്കൗണ്ടുകളുടെ സ്രോതസുകൾ, പണം കൈമാറിയ വഴികൾ, കുറ്റവാളികൾ തമ്മിലുള്ള ഓൺലൈൻ ബന്ധങ്ങൾ എന്നിവയെല്ലാം പൊലീസ് പരിശോധിച്ചു വരികയാണ്. സൈബർ ക്രൈം പൊലിസ് സ്റ്റേഷനും സൈബർ സെല്ലും സിറ്റിയിലെ ലോക്കൽ പൊലീസും സംയുക്തമായാണ് പരിശോധന.
