പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരിയിൽ ഇന്ത്യൻ ആർമി ഉദ്യോഗസ്ഥന്റെ പൂട്ടിയിട്ട വീട്ടിൽ മോഷണ പരമ്പര. അടുത്തടുത്ത രണ്ട് ദിവസങ്ങളിലാണ് മോഷണം നടത്തിയത്. പാപ്പിനിശ്ശേരി വെസ്സിൽ ഇ.എം.എസ് റോഡിന് സമീപത്തെ വാച്ചുപുറത്ത് സലാഹുദ്ദീന്റെ കെ.കെ. അബൂബക്കർ ഹാജി മൻസിലാണ് മോഷണം. 26നും 29നു മോഷണം നടത്തിയതായാണ് പരാതി. ആർമി സർവിസ് രേഖകളും ടെലിവിഷൻ എൽ.ഇ.ഡി ലൈറ്റ്, എമർജെൻസി ലൈറ്റ് ടോർച്ച് ഉൾപ്പെടെയുള്ളവ മോഷ്ടിച്ചു. വീടിന്റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്തുകടന്നത്.
വീട്ടുപകരണങ്ങളും വസ്ത്രങ്ങളും വാരി വലിച്ചിട്ട നിലയിലാണ്. അലമാരകളും തകർത്തിട്ടുണ്ട്. വീട് നോക്കാൻ ഏൽപ്പിച്ചയാൾ 26ന് രാവിലെ എത്തിയപ്പോഴാണ് ആദ്യ മോഷണം നടന്നത് അറിഞ്ഞത്. വളപട്ടണം പൊലീസിൽ പരാതി നൽകി. തകർത്ത വാതിൽ പുതുക്കിപ്പണിത് അടച്ചുപൂട്ടി. 29ന് വീണ്ടും വാതിൽ കുത്തിത്തുറന്ന് മോഷണം നടത്തുകയായിരുന്നു. ആദ്യ ദിവസത്തെ മോഷണത്തിൽ ചെറിയ വീട്ട് സാധനങ്ങളാണ് മോഷ്ടിച്ചിരുന്നെങ്കിൽ 29ന് നടന്ന മോഷണത്തിലാണ് ടി.വിയും എൽ.ഇ.ഡി ലൈറ്റും, ടോർച്ചും ആർമി സർവിസ് രേഖകൾ ഉൾപ്പെടെയാണ് കൊണ്ടുപോയത്. ഡോഗ് സ്ക്വാഡും വിരലടയാളം വിദഗ്ധരും തെളിവെടുപ്പ് നടത്തി. വളപട്ടണം പൊലീസ് അന്വേഷണം നടത്തി വരുന്നു. ആർമി ഉദ്യോഗസ്ഥനായ സലാഹുദ്ദീൻ ജോലി സ്ഥലത്തെ ക്വാർട്ടേഴ്സിലാണ് താമസം.
