പത്തനംതിട്ട: മന്ത്രി വീണാ ജോർജ് പങ്കെടുത്ത പരിപാടിയിൽ ജനപങ്കാളിത്തം കുറവായിരുന്നുവെന്ന് വ്യാജ പ്രചാരണം. മന്ത്രിയുടെ പ്രസംഗം കേൾക്കാൻ വേദിയിലും സദസിലും വളരെ കുറച്ച് ആളുകൾ മാത്രമാണ് ഉണ്ടായിരുന്നതെന്നായിരുന്നു പ്രചാരണം. ഒഴിഞ്ഞ കസേരകളുടെ ചിത്രങ്ങൾ അടക്കം പങ്കുവെച്ചായിരുന്നു ഇത്തരത്തിലൊരു പ്രചാരണം നടന്നത്. സിപിഐഎം നേതാക്കൾ പോലും പരിപാടിയിൽ നിന്ന് വിട്ടുനിന്നുവെന്നും പ്രചരിക്കപ്പെട്ടു. എന്നാൽ വാസ്തവം അതല്ല.
കണ്ണൂരിലെ വിവാദങ്ങൾക്ക് ശേഷം ഇന്നലെയായിരുന്നു മന്ത്രി വീണാ ജോർജ് പൊതുവേദിയിൽ എത്തിയത്. ആറന്മുള നിയമസഭ മണ്ഡലത്തിൽ പൂർത്തീകരിച്ച വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും ആരോഗ്യ എക്സിബിഷനും കലാമേളയും അടങ്ങുന്ന ആരോഗ്യം ആനന്ദം പരിപാടിയുടെ സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു മന്ത്രി പൊതുപരിപാടിയിൽ സജീവമായത്. ഇതിന് ശേഷം ഇലന്തൂരിൽ പണിയുന്ന പുതിയ സർക്കാർ കോളേജിന്റെ തറക്കല്ലിടൽ ചടങ്ങിൽ മന്ത്രി പങ്കെടുത്തു. തുടർന്ന് ആയുഷ് ഇന്റഗ്രേറ്റഡ് ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു മന്ത്രി പങ്കെടുത്തത്.
ആയുഷ് ആരോഗ്യം ഫെസ്റ്റിനായി ഒരുക്കിയിരുന്ന വേദിയിലായിരുന്നു ഉദ്ഘാടന ചടങ്ങ് നടന്നത്. ഈ വേദിയിലാണ് കലാപരിപാടികൾ അടക്കം നടക്കുന്നത്. വേദിയിൽ മന്ത്രിക്കൊപ്പം നഗരസഭാ കൗൺസിലർമാർ അടക്കമുണ്ടായിരുന്നു. കലാപരിപാടികൾ വൈകിട്ടാണ് തീരുമാനിച്ചിരിക്കുന്നത് എന്നതുകൊണ്ട് തന്നെ ആ സമയത്താണ് ആളുകൾ എത്തിയത്. അതിന് മുൻപ് വന്ന ആളുകളാണ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത്. ഉദ്ഘാടന ചടങ്ങിന് ശേഷം സംഘടിപ്പിച്ച കലാപരിപാടിക്ക് വലിയ ജനപിന്തുണയുണ്ടാകുകയും ചെയ്തു.
ആരോഗ്യവകുപ്പ് സംഘടിപ്പിക്കുകയും മന്ത്രി വീണാ ജോർജ് പങ്കെടുക്കുകയും ചെയ്ത പരിപാടിയുടെ ജനപങ്കാളിത്തം തുറന്നുകാട്ടി സിപിഐഎം പത്തനംതിട്ട മുൻ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സിപിഐഎം എറണാകുളം സെക്രട്ടറിയേറ്റ് അംഗം കെ എസ് അരുൺകുമാർ അടക്കം രംഗത്തെത്തി. ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു ഇരുവരുടെയും പ്രതികരണം. ‘മന്ത്രി വീണാ ജോർജ് പങ്കെടുക്കുന്ന പരിപാടികളിൽ ഒഴിഞ്ഞ കസേരകൾ എന്ന് പ്രചരിപ്പിക്കുന്ന മുഖ്യധാരാ മാധ്യമങ്ങളുടെ ശ്രദ്ധയ്ക്ക്’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു കെ പി ഉദയഭാനുവിന്റെ പ്രതികരണം.
‘ഏതെല്ലാം തരത്തിലാണ് വേട്ടയാടലുകൾ’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു അരുൺ കുമാറിന്റെ പ്രതികരണം. പ്രോഗ്രാം ആരംഭിക്കുന്നതിന് മുൻപോ പരിപാടി അവസാനിച്ചതിന് ശേഷമോ ഉള്ള സദസിന്റെ ചിത്രം എടുത്ത് സ്വന്തം ഭാവനയ്ക്കും ആഗ്രഹത്തിനും അനുസരിച്ച് പ്രചരിപ്പിക്കുന്ന തട്ടിക്കൂട്ട് പരിപാടിക്ക് മാധ്യമങ്ങൾ നേതൃത്വം നൽകുന്നത് ഇതാദ്യമല്ലല്ലോയെന്നും അരുൺകുമാർ വ്യക്തമാക്കി.
കെ എസ് അരുൺ കുമാറിന്റെ കുറിപ്പിന്റെ പൂർണരൂപം
ഏതെല്ലാം തരത്തിലാണ് വേട്ടയാടലുകൾ? കെഎസ്യു അക്രമികളുടെ ആക്രമണത്തിൽ പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സക്കുശേഷം പൊതുപരിപാടിയിൽ എത്തിയ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പരിപാടിയിൽ ജനപങ്കാളിത്തം ഇല്ല എന്ന രൂപത്തിൽ ഒഴിഞ്ഞ കസേരകൾ പ്രദർശിപ്പിക്കുന്ന മനോരമ വാർത്ത കണ്ടു. എന്നാൽ യഥാർത്ഥ വസ്തുത എന്താണ്?. മന്ത്രി വീണാ ജോർജ് പങ്കെടുക്കുന്ന പരിപാടികളിൽ ഒഴിഞ്ഞ കസേരകൾ എന്ന് പ്രചരിപ്പിക്കുന്ന മുഖ്യധാരാ മാധ്യമങ്ങൾ ഈ ചിത്രങ്ങൾ കാണുക. പ്രോഗ്രാം ആരംഭിക്കുന്നതിനു മുൻപോ പരിപാടി അവസാനിച്ചതിനുശേഷമോ ഉള്ള സദസിന്റെ ചിത്രം എടുത്ത് സ്വന്തം ഭാവനക്കും ആഗ്രഹത്തിനും അനുസരിച്ച് പ്രചരിപ്പിക്കുന്ന തട്ടിക്കൂട്ട് പരിപാടിക്ക് മനോരമ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ നേതൃത്വം കൊടുക്കുന്നത് ഇത് ആദ്യമല്ലല്ലോ. നുണപ്രചരണങ്ങൾ കൊണ്ടും വ്യാജവാർത്തകൾ കൊണ്ടും ആക്രമിക്കാൻ ആണ് നിങ്ങളുടെ പരിപാടിയെങ്കിൽ ഹൃദയത്തോട് ചേർത്ത് സംരക്ഷിക്കാനാണ് ഞങ്ങളുടെ പരിപാടി.
മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിലാണ് പത്തനംതിട്ട ഫെസ്റ്റ് നടക്കുന്നത്. എക്സിബിഷന്റെ ഭാഗമായി ക്യാൻസർ സ്ക്രീനിങ്, ജീവിതശൈലി രോഗനിർണയം, നേത്ര ചികിത്സ, ഡയബറ്റിസ് ന്യൂറോപ്പതി എന്നിവ നടക്കുന്നുണ്ട്. എല്ലാ ദിവസവും വൈകുന്നേരങ്ങളിലാണ് കലാപരിപാടികൾ നടക്കുന്നത്. പത്തനംതിട്ട പഴയ ജിയോ മൈതാനിയിലാണ് ഫെസ്റ്റ് നടക്കുന്നത്. മാർച്ച് അഞ്ചിന് ഫെസ്റ്റ് അവസാനിക്കും.
